
തിരുവനന്തപുരം: ഇടതു സർക്കാർ നടപ്പാക്കിയ കെ സ്മാർട്ട്, ഡിജി കേരളം, പാലിയേറ്റീവ് കെയർ പദ്ധതികളെ മികച്ച മാതൃകകളായി കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം റിപ്പോർട്ടിൽ ഉൾപ്പെടുത്തി. തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ സുതാര്യവും വേഗത്തിലും ലഭ്യമാക്കുന്ന അത്യാധുനിക സാങ്കേതിക മുന്നേറ്റമായാണ് കെ സ്മാർട്ടിനെ റിപ്പോർട്ട് വിശേഷിപ്പിക്കുന്നത്. പൊതുജന സേവന രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച പദ്ധതിയെന്ന വിലയിരുത്തലും കെ സ്മാർട്ടിന് ലഭിച്ചു.
സമ്പൂർണ ഡിജിറ്റൽ സാക്ഷരത ലക്ഷ്യമിട്ട് നടപ്പാക്കിയ ഡിജി കേരളം, ഡിജിറ്റൽ രംഗത്തെ വിടവ് കുറയ്ക്കുന്നതിലും ഡിജിറ്റൽ സേവനങ്ങളുടെ പ്രയോജനം ജനങ്ങളിലെത്തിക്കുന്നതിലും നിർണായക പങ്കുവഹിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പാലിയേറ്റീവ് കെയർ പദ്ധതിയെ കാരുണ്യപൂർണവും ജനകേന്ദ്രീകൃതവുമായ ഭരണ മാതൃകയായി റിപ്പോർട്ട് വിശേഷിപ്പിച്ചു. രോഗികൾക്ക് ആശ്വാസം പകരുന്ന പദ്ധതിയായും ഇത് വിലയിരുത്തപ്പെട്ടു.






