
തിരുവനന്തപുരം: ധനകാര്യ വകുപ്പിലെ സീക്രട്ട് സെക്ഷനിലെ വിവരങ്ങൾ ഉൾപ്പെടെ കൃത്രിമ ബുദ്ധി (എഐ) പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് വിശകലനം ചെയ്താണ് സംസ്ഥാന സർക്കാരിന്റെ ധവളപത്രം തയ്യാറാക്കിയതെന്ന ഗുരുതര ആരോപണവുമായി മുൻ ധനമന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക്. എഐ കണ്ടന്റ് ഡിറ്റക്ഷൻ ടൂളുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ധവളപത്രത്തിന്റെ ഗണ്യമായ ഭാഗം എഐ ജനറേറ്റഡ് ആണെന്ന് കണ്ടെത്തിയതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
195 പേജുകളുള്ള ധവളപത്രം ഒരാഴ്ചയിൽ താഴെ സമയംകൊണ്ട് തയ്യാറാക്കിയപ്പോൾ തന്നെ സംശയം തോന്നിയിരുന്നുവെന്ന് തോമസ് ഐസക് പറഞ്ഞു. തുടർന്ന് രണ്ട് വ്യത്യസ്ത എഐ കണ്ടന്റ് ഡിറ്റക്ഷൻ ടൂളുകൾ ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് റിപ്പോർട്ടിന്റെ ഭൂരിഭാഗവും എഐയുടെ സഹായത്തോടെയാണ് തയ്യാറാക്കിയതെന്ന നിഗമനത്തിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
എഐ ഉപയോഗിക്കുന്നതിന് താൻ എതിരല്ലെന്നും എന്നാൽ രഹസ്യസ്വഭാവമുള്ള സർക്കാർ രേഖകളും ഡാറ്റയും എഐ പ്ലാറ്റ്ഫോമുകളിൽ വിശകലനം ചെയ്തിട്ടുണ്ടെങ്കിൽ അത് ഗൗരവമുള്ള വിഷയമാണെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. ധവളപത്രം തയ്യാറാക്കുന്നതിനിടെ ധനകാര്യ വകുപ്പിന്റെ രഹസ്യ വിവരങ്ങൾ പൊതുഡൊമെയ്നിലേക്ക് നൽകിയിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സെൻസിറ്റീവ്, കോൺഫിഡൻഷ്യൽ വിവരങ്ങൾ എഐ ടൂളുകളിൽ നൽകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി, ഹൈക്കോടതികൾ, കേന്ദ്ര ധനകാര്യ വകുപ്പ്, കേരള സർക്കാർ എന്നിവ വ്യക്തമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. അനുമതിയുള്ള എഐ ടൂളുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും രഹസ്യ വിവരങ്ങൾ വലിയ ഭാഷാ മാതൃകകളിൽ (LLMs) നൽകാൻ പാടില്ലെന്നും മാർഗനിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.






