
തിരുവനന്തപുരം: ഇഡി റെയ്ഡിനെതിരായ സമരവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സമരം ഏതെങ്കിലും വ്യക്തിക്ക് വേണ്ടിയല്ലെന്നും എൽഡിഎഫ് നേതാവായ പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെ വീട് എട്ടുമണിക്കൂർ നേരം ഇഡി ഉപരോധിച്ചുവെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. സിഎംആർഎല്ലും എക്സാലോജിക്കും രണ്ട് കമ്പനികളാണെന്നും അവ തമ്മിലുള്ള ധാരണകളോ ബിസിനസ് ഇടപാടുകളോ സംബന്ധിച്ച് തങ്ങൾക്ക് അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ വിഷയം എൽഡിഎഫും പിണറായി വിജയനുമാണെന്നും അദ്ദേഹത്തിന്റെ വീട്ടിനെക്കുറിച്ച് മോശം പ്രതീതി സൃഷ്ടിക്കാൻ നടത്തിയ ശ്രമം കണ്ടുനിൽക്കാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. അതിനർഥം ഏതെങ്കിലും കമ്പനികളുടെ ബിസിനസ് ഇടപാടുകളിൽ താൽപര്യമുണ്ടെന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.






