
ന്യൂഡൽഹി: ഇന്ത്യയുടെ പരമാധികാരത്തെ ശക്തമായി പിന്തുണച്ചുകൊണ്ട് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴിൽ, ഉപരോധങ്ങളിലൂടെ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള ഏത് ശ്രമവും തിരിച്ചടിയുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ പ്രതിരോധ-സാമ്പത്തിക പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പരമാധികാര രാഷ്ട്രങ്ങൾക്കുണ്ടായിരിക്കണമെന്നും പുടിൻ ഊന്നിപ്പറഞ്ഞു. സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കവെയാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്.
റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ബാഹ്യ സമ്മർദ്ദങ്ങളുണ്ടായിട്ടും, ഇന്ത്യ എപ്പോഴും തങ്ങളുടെ ദേശീയ താൽപ്പര്യങ്ങൾക്ക് അനുസൃതമായാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു."ഇന്ത്യ എപ്പോഴും ഒരു പരമാധികാര രാജ്യമായാണ് പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിന് കീഴിൽ, ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന തരത്തിലുള്ള ഭീഷണികൾ ഉടനടി തിരിച്ചടിയുണ്ടാക്കുകയേ ഉള്ളൂ," പുടിൻ അഭിപ്രായപ്പെട്ടു. ഇന്ത്യ ഒരു പരമാധികാര രാജ്യമാണ്. തങ്ങൾക്ക് ഏറ്റവും ആധുനികവും അനുയോജ്യവുമാണെന്ന് കരുതുന്ന ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇന്ത്യക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. മറ്റുള്ളവർ എന്ത് പറഞ്ഞാലും, ഇന്ത്യ എപ്പോഴും ഈ രീതിയിലാണ് പ്രവർത്തിച്ചിട്ടുള്ളത്. റഷ്യയുടെ അത്യാധുനിക യുദ്ധവിമാനമായ സുഖോയ്-57 അല്ലെങ്കിൽ എസ്-500 വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങിയാൽ അമേരിക്കയിൽ നിന്ന് ഇന്ത്യക്ക് ഉപരോധം നേരിടേണ്ടി വരുമോ എന്ന ചോദ്യത്തിന് മറുപടിയായി, ദേശീയ താൽപ്പര്യങ്ങളിലൂന്നിയുള്ള സ്വതന്ത്ര വിദേശനയമാണ് ന്യൂഡൽഹി എപ്പോഴും സ്വീകരിക്കുന്നതെന്ന് പുടിൻ വ്യക്തമാക്കി.
പ്രതിരോധ സാമഗ്രികൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇന്ത്യയുടെ തീരുമാനങ്ങൾ ബാഹ്യമായ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയായിരിക്കില്ല, മറിച്ച് രാജ്യത്തിന്റെ ആവശ്യകതകളും ഉൽപ്പന്നത്തിന്റെ മൂല്യവും നോക്കിയായിരിക്കും എന്ന് റഷ്യൻ പ്രസിഡന്റ് പറഞ്ഞു. ഇന്ത്യയുമായുള്ള മോസ്കോയുടെ പ്രതിരോധ സഹകരണം മാറിമറിയുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ ആശ്രയിച്ചല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് പങ്കാളികളുമായുള്ളതുപോലെ തന്നെ ഇന്ത്യയുമായുള്ള റഷ്യയുടെ സഹകരണവും രാഷ്ട്രീയ അന്തരീക്ഷത്തിന് വിധേയമല്ല. ഇന്ത്യക്ക് ഒരു ഉത്പന്നം നൽകരുത് എന്ന് ഞങ്ങളോട് ആജ്ഞാപിക്കാൻ ആർക്കും കഴിയില്ല. ആർക്കും ഞങ്ങളെ ഭരിക്കാനാകില്ല എന്നും പുടിൻ പറഞ്ഞു.
ന്യൂഡൽഹിയുമായി ഒപ്പുവെച്ചിട്ടുള്ള കരാറുകളിൽ റഷ്യ എപ്പോഴും ഉറച്ചുനിൽക്കുമെന്നും പുടിൻ വ്യക്തമാക്കി. ഞങ്ങളുടെ പങ്കാളികൾക്ക്, പ്രത്യേകിച്ച് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് നൽകിയിട്ടുള്ള ഉറപ്പുകൾ ഞങ്ങൾ എപ്പോഴും പാലിക്കും. സുഖോയ്-57 യുദ്ധവിമാനത്തെക്കുറിച്ച് സംസാരിക്കവെ, റഷ്യ മുൻപ് ഇന്ത്യയുമായി ചേർന്ന് ഒരു സംയുക്ത വികസന പദ്ധതി നിർദ്ദേശിച്ചിരുന്നുവെന്നും എന്നാൽ അത് നടക്കാതെ പോയതിനെത്തുടർന്ന് റഷ്യ സ്വന്തം നിലയിൽ പദ്ധതി പൂർത്തിയാക്കുകയായിരുന്നുവെന്നും പുടിൻ വ്യക്തമാക്കി.






