
ന്യൂഡല്‍ഹി: കേന്ദ്രവിദ്യാഭ്യാസമന്ത്രിക്കെതിരേ ഡല്‍ഹിയിലെ ജന്തര്‍മന്ദര്‍ വന്‍ പ്രതിഷേധവുമായി പാറ്റകള്‍. പരീക്ഷാക്രമക്കേടുകളില്‍ വിദ്യാഭ്യാസമന്ത്രി രാജി വെയ്ക്കണം എന്നാവശ്യപ്പെട്ടാണ് സിജെപിയുടെ പ്രതിഷേധം. ത്രിവര്‍ണ്ണ പതാകയും അംബേദ്ക്കറിന്റെയും ഭഗത്സിംഗിന്റെയുമെല്ലാം ചിത്രങ്ങളും കേന്ദ്രമന്ത്രി രാജിവെയ്ക്കണമെന്നുമുള്ള പ്ലക്കാര്‍ഡുമായിട്ടാണ് യുവാക്കള്‍ കൂട്ടം കൂടിയിരിക്കുന്നത്.
വിദ്യാഭ്യാസമന്ത്രി രാജിവെച്ചില്ലെങ്കില്‍ പുറത്താക്കണമെന്നാണ് ആവശ്യം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ജന്തര്‍മന്ദര്‍. നേരത്തേ പ്രതിഷേധത്തിന് അനുമതി നല്കിയ പോലീസ് സുരക്ഷയ്ക്ക് 2000 പോലീസുകാരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ ആദ്യത്തെ പ്രധാന ഓണ്‍-ഗ്രൗണ്ട് പ്രതിഷേധ പരിപാടിക്കായി കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് ഡല്‍ഹി പൊലീസിന്റെ അനുമതി നേരത്തേ ലഭിച്ചിരുന്നു. സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സ്ഥാപകന്‍ അഭിജീത് ദിപ്കെയ്ക്ക് ജന്തര്‍ മന്ദറില്‍ എത്തുന്നുണ്ട്.
തലസ്ഥാനത്തെ പ്രധാന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കിയ പൊലീസ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ആളുകളുടെ എണ്ണവും തത്സമയ സാഹചര്യങ്ങളും കണക്കിലെടുത്ത് കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറെടുത്തിട്ടുണ്ട്. അനുമതി ലഭിച്ചതിനെ തുടര്‍ന്ന്, പ്രതിഷേധക്കാരോടും അനുഭാവികളോടും പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ ഒത്തുകൂടുന്നതിന് പകരം നേരിട്ട് ജന്തര്‍ മന്ദറിലേക്ക് പോകാന്‍ സി.ജെ.പി ആവശ്യപ്പെട്ടിരുന്നു.
കേന്ദ്രമന്ത്രി ജൂണ്‍ 5-നകം രാജിവെച്ചില്ലെങ്കില്‍ താനും ഈ പ്രതിഷേധത്തില്‍ പങ്കുചേരുമെന്ന് വിദ്യാഭ്യാസ പരിഷ്കര്‍ത്താവും കാലാവസ്ഥാ വ്യതിയാന പ്രവര്‍ത്തകനുമായ സോനം വാങ്ചുക്കും സൂചിപ്പിച്ചിരുന്നു. ഞായറാഴ്ച രാവിലെ ഡല്‍ഹിയില്‍ വിമാനമിറങ്ങിയ ഉടന്‍ തന്നെ പ്രതിഷേധം സമാധാനപരവും പ്രതീകാത്മകവുമായിരിക്കണമെന്ന് അഭിജീത് ദിപ്കെ അനുഭാവികളോട് അഭ്യര്‍ത്ഥിച്ചു.






