
തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫ് സഹോദരി ഭർത്താവിനെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതുമായി ബന്ധപ്പെട്ട് വിശാല കെപിസിസി യോഗത്തിൽ വിമർശനം ഉയർന്നു. പേഴ്സണൽ സ്റ്റാഫ് നിയമനം കൂടുതൽ കരുതലോടെ നടത്തേണ്ടതായിരുന്നുവെന്നും വിമർശനത്തിനും വിവാദങ്ങൾക്കും ഇടയാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്നും മുൻ കെപിസിസി അധ്യക്ഷൻ എം.എം. ഹസ്സൻ അഭിപ്രായപ്പെട്ടതായി വിവരം.
യോഗത്തിൽ വിമർശനം ഉയർന്നെങ്കിലും നിയമനം പുനഃപരിശോധിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. പാർട്ടിയും സർക്കാരും ഒരുമിച്ച് മുന്നോട്ടുപോകണമെന്ന് മുതിർന്ന നേതാവ് പി.ജെ. കുര്യൻ യോഗത്തിൽ ആവശ്യപ്പെട്ടു.
മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭർത്താവും കോൺഗ്രസ് നേതാവുമായ ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതാണ് വിവാദമായത്. നിയമനത്തിന് നിയമപരമായ തടസ്സമില്ലെന്നും ബെന്നി തോമസ് മാതൃകാപരമായ പൊതുപ്രവർത്തനം നടത്തുന്ന ആളാണെന്നും മന്ത്രി പ്രതികരിച്ചു. മികച്ച ഭൂരിപക്ഷത്തിൽ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് ബെന്നി തോമസെന്നും, തന്റെ ചീഫ് ഏജന്റായും പ്രവർത്തിച്ചിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.






