
വയനാട് : കോളിയാടിയിലെ സ്വകാര്യ സ്കൂളിലെ നാൽപതോളം കുട്ടികൾ ഛർദി, വയറിളക്കം, പനി തുടങ്ങിയ രോഗലക്ഷണങ്ങളുമായി ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ കുട്ടികളാണ് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയത്.
വിദ്യാർഥികൾക്ക് പെട്ടെന്ന് ഒരേ ലക്ഷണങ്ങൾ കണ്ടതോടെ സ്കൂൾ അധികൃതരും രക്ഷിതാക്കളും ചേർന്ന് ഉടൻ ആശുപത്രികളിൽ എത്തിക്കുകയായിരുന്നു. സ്കൂളിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നോ കുടിവെള്ളത്തിൽ നിന്നോ ആകാം രോഗബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
വയറിളക്കം, ഛർദി, പനി എന്നിവയാണ് കുട്ടികൾക്കുള്ളത്. ബാക്ടീരിയൽ ഇൻഫെക്ഷൻ ആകാമെന്നാണ് പ്രാഥമിക നിഗമനം.കൂടുതൽ പരിശോധനക്കായി രക്തസാംപിളുകൾ മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. കുട്ടികളെ ബാധിച്ചത് ഭക്ഷ്യ വിഷബാധയാണെന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു .






