
ഫിലാൽഫിയ: അമേരിക്കയിലെ ഫിലഡൽഫിയയിൽ പാർട്ട് ടൈം ആയി പിസ്സ ഡെലിവറി ജോലി ചെയ്തിരുന്ന തെലങ്കാന സ്വദേശിയായ 28-കാരൻ അൻഷുൽ കുഞ്ചയെ വെടിവെച്ചുകൊന്നു. ഒരു വ്യാജ ഓർഡർ നൽകി ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയാണ് യുവാവിനെ കൊലപ്പെടുത്തിയത്. ഇത് ഒരു ആസൂത്രിത "കെണി" ആയിരുന്നുവെന്ന് യുവാവിന്റെ കുടുംബം ആരോപിക്കുന്നു.
അൻഷുൽ ഒരു പ്രമുഖ മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. വീക്കെൻഡുകളിൽ അധിക വരുമാനത്തിനായാണ് പിസ്സ ഡെലിവറി ജോലി ചെയ്തിരുന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ആളൊഴിഞ്ഞ സ്ഥലത്ത് ഡെലിവറി നൽകാൻ എത്തിയ അൻഷുലിന്റെ തലയ്ക്ക് നേരെ മുഖംമൂടി ധരിച്ച അക്രമികൾ ഒന്നിലധികം തവണ വെടിയുതിർക്കുകയായിരുന്നു. അൻഷുലിന്റെ കൈവശമുണ്ടായിരുന്ന പണമോ മറ്റ് സാധനങ്ങളോ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ ഇത് കൊലപാതകം മാത്രം ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്ന് വ്യക്തമാകുന്നു.
മുൻപ് ഒരിക്കൽ അൻഷുൽ യു.എസിൽ വെച്ച് കവർച്ചയ്ക്ക് ഇരയായിട്ടുണ്ടെങ്കിലും ഇത്തവണ പണമോ ഫോണോ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇത് മനഃപൂർവ്വം കൊലപ്പെടുത്താൻ ഒരുക്കിയ കെണിയാണെന്ന് സഹോദരി തൻവി ആരോപിക്കുന്നു. മക്കളെ ആരും യു.എസിലേക്ക് അയക്കരുത് എന്ന് അൻഷുലിന്റെ സഹോദരി മാധ്യമങ്ങളിലൂടെ മറ്റ് മാതാപിതാക്കളോട് അഭ്യർത്ഥിച്ചു. തന്റെ സഹോദരന് യു.എസിൽ പോകാൻ താല്പര്യമില്ലായിരുന്നുവെന്നും എന്നാൽ തങ്ങൾ നിർബന്ധിച്ച് അയച്ചതാണെന്നും അവർ കണ്ണീരോടെ പറഞ്ഞു.
ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും പ്രാദേശിക അധികാരികളുമായും കുടുംബവുമായും ബന്ധപ്പെട്ടുവരികയാണെന്നും അറിയിച്ചു. മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ചയോടെ മൃതദേഹം വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.






