
തിരുവനന്തപുരം: എംഎല്‍എ ഹോസ്റ്റല്‍ ജീവനക്കാരനെ മര്‍ദ്ദിച്ച പി.സി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷണന്. സംഭവത്തില്‍ പി.സി ജോര്‍ജ് നിയമസഭാഗം എന്ന പരിഗണന ഉണ്ടായിരിക്കുകയില്ലെന്നും ക്രിമിനല്‍ നടപടികളുമായി തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ കാന്റീന് ജീവനക്കാരന് മനു (22) നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എടുത്തിരിക്കുന്നത്.
ഇന്ന് ഉച്ചയ്ക്കാണ് ഭക്ഷണം നല്കാന് വൈകിയെന്ന് ആരോപിച്ച് പി.സി ജോര്‍ജ് എം.എല്‍.എ കാന്റീന് ജീവനക്കാരനായ യുവാവിനെ മര്ദിച്ചതത്. കാന്റീനിലെ തിരക്കുകള്‍ മൂലം 15 മിനിട്ട് വൈകിയാണ് ഭക്ഷണവുമായി മനു എത്തിയത്. ഭക്ഷണവുമായി വൈകിയെത്തിയ മനുവിനെ ജോര്‍ജും സഹായിയും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ജോര്‍ജിന്റെ അടിയേറ്റ് ജീവനക്കാരന്റെ കണ്ണിനും ചുണ്ടിനും പരിക്കേറ്റിട്ടുണ്ട്. ജീവനക്കാരന് ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടി.
മനു മുറിയിലെത്തുന്നതിന് തൊട്ടു മുന്‍പ് ഭക്ഷണം ഇനിയും എത്തിച്ചില്ലെന്ന് പറഞ്ഞ് കുടുംബശ്രീ കാന്റീനിലേയ്ക്ക് വിളിച്ച ജോര്‍ജ് വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
എന്നാല്‍ താന്‍ ദേഷ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും തല്ലിയിട്ടില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു. ജീവനക്കാരന് തന്നോട് മോശമായി പെരുമാറിയെന്നും 40 മിനിറ്റ് വൈകിയാണ് ഭക്ഷണം കൊണ്ടുവന്നതെന്നും പി.സി ജോര്‍ജ് പറഞ്ഞു.






