
ഒഡെന്‍സ: ലോകകപ്പില്‍ യോഗ്യതനേടാതെ പോയ ഡെന്മാര്ക്കും യുക്രെയ്നും തമ്മില്‍ നടന്ന സൗഹൃദ മത്സരത്തിനിടെ സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്സണ് കളിക്കളത്തില്‍ വീണ്ടും കുഴഞ്ഞുവീണു. ഡെന്മാര്ക്ക് ദേശീയ ടീമിനായി കളിക്കുന്നതിനിടെ വീണ്ടും കുഴഞ്ഞുവീണ 34-കാരനായ എറിക്സണ് നിലവില്‍ ബോധം തിരിച്ചുകിട്ടിയതായും സുരക്ഷിതനാണെന്നും രാജ്യത്തെ ഫുട്ബോള്‍ ഫെഡറേഷന് ഞായറാഴ്ച അറിയിച്ചു.
ഒഡെന്സയിലെ നേച്ചര്‍ എനര്‍ജി പാര്‍ക്കില്‍ നടന്ന മത്സരത്തിന്റെ 65-ാം മിനിറ്റില്‍ എറിക്സണ് ഇരു കൈകളും കൊണ്ട് നെഞ്ചില്‍ അമര്‍ത്തിപ്പിടിക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷനില്‍ കാണിച്ചിരുന്നു. തൊട്ടുപിന്നാലെ അദ്ദേഹം ഗ്രൗണ്ടില്‍ വീഴുകയും സഹകളിക്കാര്‍ താരത്തിന് ചുറ്റും കൂടുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് മത്സരം പിന്നീട് ഉപേക്ഷിച്ചു. 'ക്രിസ്റ്റ്യന്‍ എറിക്സണ് നിലവില്‍ ബോധമുണ്ട്. നിലവിലെ സാഹചര്യത്തില്‍ അദ്ദേഹം സുഖമായിരിക്കുന്നു. മത്സരം ഉപേക്ഷിച്ചിരിക്കുന്നു.' ഡെന്മാര്ക്ക് ഫുട്ബോള്‍ ഫെഡറേഷന് തങ്ങളുടെ എക്സ് ഹാന്‍ഡിലില്‍ കുറിച്ചു.
മുമ്പ് 2021-ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫിന്‍ലാന്‍ഡിനെതിരെ കോപ്പന്‍ഹേഗനില്‍ നടന്ന ഡെന്മാര്ക്കിന്റെ ആദ്യ ഗ്രൂപ്പ് മത്സരത്തിനിടയിലും എറിക്സണ് ഹൃദയാഘാതം സംഭവിക്കുകയും കളിക്കളത്തില്‍ കുഴഞ്ഞുവീഴുകയും ചെയ്തിരുന്നു. അന്ന് നീണ്ട പ്രഥമശുശ്രൂഷകള്‍ക്കും വിദഗ്ദ്ധ ചികിത്സയ്ക്കും ശേഷമാണ് അദ്ദേഹത്തിന് ബോധം തിരിച്ചുകിട്ടിയത്. ഈ വര്‍ഷം നടക്കുന്ന ഫിഫ ലോകകപ്പിലേക്ക് ഡെന്മാര്ക്കും യുക്രെയ്നും യോഗ്യത നേടിയിട്ടില്ല.






