
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിൽ, ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര യാത്രാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇറാനിലേക്കുള്ള എല്ലാവിധ യാത്രകളും ഇന്ത്യൻ പൗരന്മാർ പൂർണ്ണമായും ഒഴിവാക്കണമെന്ന് ടെഹ്റാനിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. നിലവിൽ ഇറാനിൽ തുടരുന്ന ഇന്ത്യക്കാർ ലഭ്യമായ യാത്രാമാർഗ്ഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടണമെന്നും എംബസി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
മേഖലയിലെ പെട്ടെന്നുണ്ടായ സുരക്ഷാ വ്യതിയാനങ്ങളും അനിശ്ചിതാവസ്ഥയും കണക്കിലെടുത്താണ് മുൻപ് നൽകിയ മുന്നറിയിപ്പുകൾ ആവർത്തിച്ചുകൊണ്ട് ഇന്ത്യൻ എംബസി പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. സ്വന്തം സുരക്ഷയ്ക്ക് പരമപ്രധാനമായ മുൻഗണന നൽകാൻ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
"മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ എല്ലാ ഇന്ത്യൻ പൗരന്മാരോടും എംബസി വീണ്ടും അഭ്യർത്ഥിക്കുന്നു. നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ലഭ്യമായ ഏത് ഗതാഗത മാർഗ്ഗവും ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടേണ്ടതാണ്." - ഇന്ത്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു.
വിദ്യാർത്ഥികൾ, ബിസിനസുകാർ, തീർത്ഥാടകർ, വിനോദസഞ്ചാരികൾ ഉൾപ്പെടെ ഇറാനിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഈ നിർദ്ദേശം ബാധകമാണ്. ഇസ്രായേലും ഇറാനും തമ്മിൽ വ്യോമാക്രമണങ്ങൾ ശക്തമാവുകയും മേഖലയിലെ വ്യോമപാതകൾ ഭാഗികമായി അടയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെട്ടിരിക്കുന്നത്.






