
ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ 'ഇന്ത്യ' മുന്നണി ഡൽഹിയിൽ ചേർന്ന ഔദ്യോഗിക യോഗത്തിൽ അഞ്ച് പ്രധാന വിഷയങ്ങളിൽ സമവായമായി. ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടന്ന യോഗത്തിൽ 25 പ്രതിപക്ഷ പാർട്ടികളിലെ നേതാക്കൾ പങ്കെടുത്തു. ഡിഎംകെയും ആം ആദ്മി പാർട്ടിയും യോഗത്തിൽ നിന്ന് വിട്ടുനിന്നു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് മുന്നണി യോഗം ചേരുന്നത്.
യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് അഞ്ചിന തീരുമാനങ്ങൾ വ്യക്തമാക്കിയത്. വോട്ടർപട്ടിക പുതുക്കലിലെ ക്രമക്കേടുകൾ (എസ്ഐആർ), വോട്ട് അട്ടിമറി, വോട്ട് കൊള്ള എന്നിവ ഉന്നയിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ഉടൻ തന്നെ കത്തയക്കാൻ യോഗത്തിൽ തീരുമാനമായി. നീറ്റ്, സി.ബി.എസ്.ഇ പരീക്ഷകളിലെ ക്രമക്കേടുകളിലൂടെ ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി തകർത്ത കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അടിയന്തരമായി രാജിവെക്കണമെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. രാജ്യത്തെ നിലവിലെ സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകരുടെ പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ അടിയന്തരമായി സർവകക്ഷി യോഗം വിളിക്കണം. ഇന്ത്യ മുന്നണിയിലെ കക്ഷികൾ ഇനി മുതൽ കൃത്യമായി രണ്ട് മാസത്തിലൊരിക്കൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നീങ്ങും. ഇതിനായി പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ ദിവസവും രാവിലെ യോഗം ചേർന്ന് തന്ത്രങ്ങൾ രൂപീകരിക്കും. എന്നിവയാണ് യോഗ തീരുമാനങ്ങൾ.
നാല് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. കേരളത്തിലും തമിഴ്നാട്ടിലും ബിജെപി ഇതര പാർട്ടികൾ വിജയിച്ചപ്പോൾ, പശ്ചിമ ബംഗാളിലും അസമിലും ബിജെപി വിജയിച്ചതും പുതുച്ചേരിയിൽ ഭരണം നിലനിർത്തിയതും പ്രതിപക്ഷത്തിന് തിരിച്ചടിയായി. 15 വർഷത്തെ ഭരണത്തിന് ശേഷം ബംഗാളിൽ പരാജയപ്പെട്ട മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന്റെ ആവശ്യപ്രകാരമാണ് ഈ യോഗം വിളിച്ചതെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ, യോഗം നടക്കുന്നതിനിടെയും തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടായി. പാർട്ടിയിലെ മുതിർന്ന നേതാവും രാജ്യസഭാ എം.പിയുമായ സുഖേന്ദു ശേഖർ റോയ് പാർട്ടിൽ നിന്നും എം.പി സ്ഥാനത്തുനിന്നും രാജി പ്രഖ്യാപിച്ചു. ബംഗാളിൽ ടി.എം.സി എം.എൽ.എമാർക്കിടയിൽ ഉണ്ടായ ഭിന്നതയ്ക്ക് പിന്നാലെയാണ് ഈ രാജി. അതേസമയം, ഡി.എം.കെയും ആം ആദ്മി പാർട്ടിയും യോഗം ബഹിഷ്കരിച്ചു.






