
ന്യൂയോർക്ക്: സ്വന്തം രാജ്യത്തെ ആഭ്യന്തര പരാജയങ്ങളും ഭീകരവാദ പ്രശ്നങ്ങളും മറച്ചുവെക്കാൻ അയൽരാജ്യങ്ങളെ കുറ്റപ്പെടുത്തുന്നത് പാകിസ്താന്റെ പണ്ടേയുള്ള ശീലമാണെന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ. തങ്ങളുടെ മണ്ണിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനകളെ "ഫിത്ന അൽ ഹിന്ദുസ്ഥാൻ എന്ന് മുദ്രകുത്തി, അവർ ഇന്ത്യയുടെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന പാകിസ്താന്റെ ഔദ്യോഗിക പ്രചാരണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു.
അഫ്ഗാനിസ്ഥാനിലെ സാഹചര്യം ചർച്ച ചെയ്യാൻ ചേർന്ന യുഎൻ രക്ഷാസമിതി യോഗത്തിലാണ് ഇന്ത്യയുടെ സ്ഥിരപ്രതിനിധി അംബാസഡർ ഹരീഷ് പർവതനേനി പാകിസ്താനെതിരെ ആഞ്ഞടിച്ചത്. സ്വന്തം രാജ്യത്തെ ഭീകരസംഘടനകളെ മതപരമായ പദാവലി ഉപയോഗിച്ച് ഇന്ത്യയുമായി ബന്ധിപ്പിക്കാൻ പാകിസ്താൻ സർക്കാർ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇത് പാക് ഭരണകൂടം തന്നെ ആസൂത്രണം ചെയ്യുന്ന വ്യാജപ്രചാരണമാണ്.പാക് ജനതയെ ഇന്ത്യക്കെതിരെ എപ്പോഴും ശത്രുതയിൽ നിലനിർത്താൻ പാകിസ്താനിലെ 'ഡീപ്പ് സ്റ്റേറ്റ്' (സൈന്യവും രഹസ്യാന്വേഷണ വിഭാഗവും) നടത്തുന്ന വെറുപ്പിന്റെ ഫാക്ടറിയുടെ ഉൽപ്പന്നമാണിത്.
അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണങ്ങളെയും ഇന്ത്യ കടുത്ത ഭാഷയിൽ വിമർശിച്ചു. റമദാൻ മാസത്തിൽ പോലും അഫ്ഗാനിലെ സാധാരണക്കാർക്ക് നേരെ പാകിസ്താൻ ക്രൂരമായ ആക്രമണം നടത്തിയെന്നും, കൂട്ടക്കൊലകളെ സൈനിക നടപടിയെന്ന് വിളിച്ച് ന്യായീകരിക്കാനാകില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന്റെ ഇത്തരം തന്ത്രങ്ങൾക്കൊന്നും ഇനി അന്താരാഷ്ട്ര സമൂഹത്തെ പറ്റിക്കാൻ കഴിയില്ലെന്ന് അംബാസഡർ ഹരീഷ് പർവതനേനി കൂട്ടിച്ചേർത്തു.
ഈ വർഷം ആദ്യം (2026 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ) അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണങ്ങളിൽ നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാൽപ്പതിലധികം സാധാരണക്കാർ കൊല്ലപ്പെടുകയും ഒരു ലക്ഷത്തോളം പേർ ഭവനരഹിതരാകുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യുഎന്നിൽ പാകിസ്താനെതിരെ ഇന്ത്യ നിലപാട് കടുപ്പിച്ചത്.






