
മൂന്നാര്‍: ചിന്നക്കനാലില്‍ മക്കളെ സ്കൂള്‍ബസില്‍ കയറ്റി വിടാനെത്തിയ വീട്ടമ്മയെ അവരുടെ കണ്മുന്നില് കാട്ടാന ചവിട്ടിക്കൊന്നു. സിങ്കുകണ്ടം അങ്കന്‍വാടി തെരുവില്‍ താമസിക്കുന്ന മാരിയമ്മാള്‍ (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇളയ മകന് രക്ഷനും(11) കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റു.
മൂത്ത മകള്‍ രക്ഷിണ കഷ്ടിച്ചു രക്ഷപ്പെട്ടു. ഇന്നലെ രാവിലെ എട്ടിനാണ് സംഭവം. ഒന്നര കിലോമീറ്റര്‍ നടന്ന് ബോഡിമെട്ട്-സൂര്യനെല്ലി റോഡിലെത്തി വേണംചിന്നക്കനാല് ഗവ. ഹൈസ്കൂള്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന രക്ഷനും പത്തില്‍ പഠിക്കുന്ന രക്ഷിണയ്ക്കും സ്കൂള്‍ ബസില്‍ കയറാന്‍. കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനകളുടെ സാന്നിധ്യം ഉണ്ടായിരുന്നതിനാല്‍ ജാഗ്രത വേണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതനുസരിച്ചാണ് മാരി മക്കളുടെ കൂടെ പോയത്. ബസ് വരുന്ന റോഡിന്റെ 100 മീറ്റര്‍ അകലെവച്ചാണ് ഇവരെ കാട്ടാന ആക്രമിച്ചത്.
പിടിയാനയും കുട്ടിയാനയും പാഞ്ഞടുത്തു. കനത്ത മൂടല്‍ മഞ്ഞും മഴയുമായിരുന്നതിനാല്‍ മാരിക്കും മക്കള്‍ക്കും ആനകളെ കാണാന്‍ കഴിഞ്ഞില്ല. പിടിയാന മാരിയെ തുമ്പിക്കൈ കൊണ്ട് തട്ടിവീഴ്ത്തി മുന്കാലുകൊണ്ട് ചവിട്ടി. രക്ഷനെയും ആന തുമ്പിക്കൈ കൊണ്ട് തട്ടിയിട്ടു. പിന്നാലെ വന്ന രക്ഷിണ ഇത് കണ്ടാണ് വന്നത്. തുടര്‍ന്ന് പിടിയാനയും കുട്ടിയാനയും റോഡിന്റെ വലതു ഭാഗത്തുള്ള യൂക്കാലി കാട്ടിലേക്ക് കയറി. സമീപവാസികളില്‍ ചിലരെത്തി മാരിയെ സൂര്യനെല്ലിയിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചെങ്കിലും മരിച്ചു.
തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ ഇടപെട്ട് മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. പരുക്കേറ്റ രക്ഷനെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാരിയുടെ മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. മാരിയുടെ ഭര്‍ത്താവ് രാജ ഒരു വര്‍ഷം മുന്‍പ് അസുഖബാധിതനായി മരിച്ചു. സംഭവത്തില്‍ ജനകീയ പ്രതിഷേധം അലയടിച്ചു. കാട്ടാന ശല്യത്തിന് പരിഹാരം കാണാതെ മാരിയമ്മയുടെ മൃതദേഹം വിട്ടുനല്‍കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു നാട്ടുകാര്‍. പരുക്കേറ്റ കുട്ടിയുടെ ചികില്‍സ, ഭാവി എന്നിവയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ദേവികുളം എം.എല്‍.എ എഫ്. രാജയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്നു നടത്തിയ സര്‍വകക്ഷി യോഗത്തില്‍ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചതായി വനംവകുപ്പ് അറിയിച്ചു.
മതികെട്ടാന്‍ചോല ദേശീയ ഉദ്യാനത്തോട് ചേര്‍ന്നുകിടക്കുന്ന ചിന്നക്കനാലിലും ശാന്തന്‍പാറയിലും കാട്ടാന ആക്രമണങ്ങള്‍ പതിവാണ്. മുമ്പ് ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് അരിക്കൊമ്പനെ കാടുകടത്തിയപ്പോള്, മറ്റ് ഒറ്റയാന്മാരെ റേഡിയോ കോളര്‍ ഘടിപ്പിച്ചു നിരീക്ഷിക്കുമെന്നും ജനവാസ മേഖലയ്ക്ക് ചുറ്റും സോളാര്‍ ഫെന്‍സിങ് നിര്‍മിക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. അതൊന്നും നടപ്പായില്ലെന്നാണ് നാട്ടുകാരുടെ പരാതി. ആര്.ആര്.ടി സംഘത്തിന് ആനകളെ തുരത്താന്‍ ആയുധങ്ങളോ സൗകര്യങ്ങളോ ഇല്ലെന്ന ആക്ഷേപവും ശക്തമാണ്.
ഇത്തവണ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാരുടെ പ്രതിനിധിയായ പ്രേംകുമാര്‍ പറഞ്ഞു. രാവിലെ മാരിയെ ചവിട്ടി കൊലപ്പെടുത്തിയ ആന സൂര്യനെല്ലിയില്‍നിന്നു സിങ്ക്കണ്ടത്തേക്കു പോകുന്ന ഷണ്മുഖ വിലാസം റോഡിനു സമീപം നിലയുറപ്പിച്ചതോടെ തുരത്താന്‍ ശ്രമം തുടങ്ങി. ഒപ്പം കുട്ടിയാനയുമുണ്ട്.






