
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ലയണല്‍ മെസ്സിയോ ഹാരി കെയിനോ അല്ല. അമേരിക്ക - മെക്സിക്കോ - കാനഡ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിക്കാന്‍ പോകുന്ന കളിക്കാരനെ പ്രവചിച്ച് ഫ്രാന്‍സിന്റെ സൂപ്പര്‍താരം കിലിയന്‍ എംബാപ്പേ. വരാനിരിക്കുന്ന ലോകകപ്പില്‍ ലയണല്‍ മെസ്സിയേക്കാള്‍ കൂടുതല്‍ ഗോള്‍ നേടുക ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരിക്കുമെന്ന് എംബാപ്പെ പ്രവചിച്ചു.
എന്നാല്‍ 2026 ലോകകപ്പില്‍ റൊണാള്‍ഡോയെക്കാള്‍ കൂടുതല്‍ ഗോള്‍ നേടി ടോപ്പ് സ്കോറര്‍ ആകുന്നത് താന്‍ തന്നെയായിരിക്കുമെന്നും എംബാപ്പെ കൂട്ടിചേര്‍ത്തു. യൂറോപ്യന്‍, തെക്കേ അമേരിക്കന്‍ ഫുട്ബോളിലെ മികച്ച പ്രതിഭകളെ വിലയിരുത്തിയ ശേഷം, ലയണല്‍ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ഇടയില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കാന്‍ കിലിയന്‍ എംബാപ്പെയോട് ആവശ്യപ്പെട്ടപ്പോഴായിരുന്നു പ്രതികരണം.
വിനീഷ്യസ് ജൂനിയര്‍ ലാമിന് യമാലിനെയും ഹാരി കെയിനെയും മറികടന്ന് കൂടുതല്‍ ഗോളുകള്‍ താന്‍ നേടുമെന്നും എംബാപ്പെ വിശ്വസിക്കുന്നു. ഫ്രാന്‍സ് ദേശീയ ടീം നായകനും റയല്‍ മാഡ്രിഡ് സൂപ്പര്‍ താരവുമായ കിലിയന്‍ എംബാപ്പെ, വരാനിരിക്കുന്ന ഫിഫ ലോകകപ്പില്‍ ഗോളുകളുടെ എണ്ണത്തില്‍ നിലവിലെ ചാമ്പ്യനായ ലയണല്‍ മെസ്സിയെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മറികടക്കുമെന്ന് പ്രവചിച്ചു.
ഇന്‍സ്റ്റാഗ്രാമില്‍ ഉള്ളടക്ക സ്രഷ്ടാവായ ഫിന് അഗോസ്റ്റിനെല്ലി, സൊരാറെ എന്നിവരുമായി നടത്തിയ ഒരു റാപ്പിഡ്-ഫയര്‍ ഫുട്ബോള്‍ ചലഞ്ചിനിടയിലാണ് 27 കാരനായ എംബാപ്പെയോട് മെസ്സിക്കും റൊണാള്‍ഡോയ്ക്കും ഇടയില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടത്. ലോകകപ്പ് ജേതാവായ മെസ്സിയും, ഒപ്പമെത്താന്‍ ഒരു ലോകകപ്പ് ട്രോഫി മാത്രം അകലെയുള്ള റൊണാള്‍ഡോയും തമ്മിലുള്ള പോരാട്ടത്തില്‍ 'എക്കാലത്തെയും മികച്ച താരം,' എന്ന ചര്‍ച്ചകളില്‍ എംബാപ്പെ ക്രിസ്റ്റ്യാനോയെ തിരഞ്ഞെടുത്തു.
2022-ല്‍ ഖത്തറില്‍ വെച്ച് ഫിഫ ലോകകപ്പ് ട്രോഫി സ്വന്തമാക്കിയതോടെ മെസ്സി തന്റെ ജീവിതകാലത്തെ വലിയൊരു സ്വപ്നം പൂര്‍ത്തിയാക്കിയിരുന്നു. ഇപ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ 41 കാരനായ ക്രിസ്റ്റ്യാനോയിലാണ്. സൗദി അറേബ്യയിലെ അല്‍ നസറിനൊപ്പം മികച്ച ഫോമില്‍ കിരീടം നേടിയ സീസണിന് ശേഷമാണ് അദ്ദേഹം വരുന്നത്. ക്ലബ്ബ്, അന്താരാഷ്ട്ര തലങ്ങളില്‍ ഒരു ലോകകപ്പ് കിരീടം ഒഴികെ മറ്റെല്ലാം നേടിയ അദ്ദേഹം ഇപ്പോഴും ഒരു ഗോള്‍ മെഷീനായി തുടരുകയാണ്.
ഫ്രാന്‍സ് ടീമിന്റെ നായകനായി എത്തുന്ന എംബാപ്പെയ്ക്ക് 2026 ലോകകപ്പ് വൈകാരികതയുടേത് കൂടിയാണ്. 2022 ലെ ഫൈനലില്‍, മെസ്സിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീനയ്ക്കെതിരെ തകര്‍പ്പന്‍ ഹാട്രിക്കും നിരന്തരമായ പ്രത്യാക്രമണങ്ങളും നടത്തിയിട്ടും, 2018 ലെ കിരീടം നിലനിര്‍ത്താന്‍ എംബാപ്പെയ്ക്ക് കഴിഞ്ഞില്ല. ആ മത്സരം വീണ്ടും കാണുന്നത് താന്‍ ഒഴിവാക്കാറുണ്ടെന്ന് എംബാപ്പെ തുറന്നുപറയുന്നു, കാരണം അത് 'പഴയ ചില വേദനിപ്പിക്കുന്ന ഓര്‍മ്മകളെ ഉണര്‍ത്തിയേക്കാം' എന്ന് അദ്ദേഹം പറയുന്നു.
തങ്ങളുടെ റെക്കോര്‍ഡ് ആറാമത് ലോകകപ്പ് കളിക്കാന്‍ ഒരുങ്ങുന്ന റൊണാള്‍ഡോയ്ക്കും മെസ്സിക്കും നിലവില്‍ യഥാക്രമം എട്ടും പതിമൂന്നും ഫിഫ ലോകകപ്പ് ഗോളുകളാണുള്ളത്. എന്നാല്‍, ഒരു ലോകകപ്പ് നോക്കൗട്ട് മത്സരത്തില്‍ പോലും ഗോള്‍ നേടാന്‍ പോര്‍ച്ചുഗീസ് ഇതിഹാസത്തിന് കഴിഞ്ഞിട്ടില്ല. രണ്ട് ലോകകപ്പുകളിലായി ഫൈനലിലെ നാല് ഗോളുകള്‍ ഉള്‍പ്പെടെ 12 ഗോളുകള്‍ എംബാപ്പെ നേടിയിട്ടുണ്ട്. 16 ഗോളുകളുമായി എക്കാലത്തെയും ഉയര്‍ന്ന ഗോള്‍ വേട്ടക്കാരനായ മിറോസ്ലാവ് ക്ലോസെയുടെ റെക്കോര്‍ഡ് തകര്‍ക്കുകയാണ് എംബാപ്പെയുടെ ലക്ഷ്യം.






