
ഹുസ്‌റ്റണ്‍: കഴിഞ്ഞ മത്സരത്തില്‍ ലയണല്‍ മെസി ഹാട്രിക്കടിച്ചതോടെ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ കടുത്ത ആരാധകര്‍ വാശിപ്പുറത്തായിരുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംമോയ്‌ക്കെതിരേ തങ്ങളുടെ സൂപ്പര്‍ താരം ഗോളടിച്ചു കൂട്ടുമെന്നായിരുന്നു അവര്‍ കണക്കു കൂട്ടിയത്. ഹൂസ്‌റ്റണ്‍ സ്‌റ്റേഡിയത്തിലെ കെ ഗ്രൂപ്പ് മത്സരത്തിന്റെ തുടക്കവും പറങ്കിപ്പടയുടെ മുന്നേറ്റത്തോടെയായിരുന്നു. ആദ്യ മിനിറ്റുകളില്‍ പ്രതിരോധിക്കാന്‍ കോംഗോ പെടാപ്പാട് പെട്ടു. അഞ്ച് പേരെ ബോക്‌സില്‍ നിര്‍ത്തിയാണ് കോംഗോ ചെറുത്തത്. പ്രതിരോധം പൊളിച്ച് ആറാം മിനിറ്റില്‍ ംേഗോള്‍ വീണു. കോംഗോ ബോക്‌സിനുള്ളിലേക്ക് പെഡ്രോ നെറ്റോയുടെ അസിസ്‌റ്റ്. ഉയര്‍ന്നു വന്ന പന്തിനെ ജാവോ നെവസ് ഹെഡറിലൂടെ വലയിലാക്കി. ഗോള്‍ കീപ്പര്‍ ലയണല്‍ എംപാസി കാഴ്‌ചക്കാരന്‍ മാത്രമായതോടെ പറങ്കികള്‍ ആഘോഷം തുടങ്ങി. ഗോള്‍ വീണതോടെ കോംഗോ കോച്ച് ഡെസാബ്രി നയം മാറ്റി. ക്രിസ്‌റ്റ്യാനോയുടെ കാലിലേക്ക് പന്തെത്താതിരിക്കാനുള്ള പല ആസൂത്രണങ്ങളും അവര്‍ നടപ്പാക്കി. കിട്ടിയ അവസരങ്ങളില്‍ പോര്‍ചുഗീസ് ബോക്‌സിലെത്താന്‍ കോംഗോക്കാര്‍ക്കായി. ഒത്തിണക്കത്തിലെ പിഴവുകള്‍ പോര്‍ചുഗലിന് ലീഡ് നേടാനുള്ള അവസരങ്ങള്‍ നഷ്‌ടപ്പെടുത്തി. 18-ാം മിനിറ്റില്‍ ഗോളെന്നുറച്ച രണ്ട് അവസരങ്ങള്‍ പോര്‍ച്ചുഗല്‍ നഷ്‌ടപ്പെടുത്തി. നൂനോ മെന്‍ഡെസിന്റെ ഗോളെന്നുറച്ച ലോങ് റേഞ്ചിനെ മുന്നോട്ടു കയറിയ ലയണല്‍ എംപാസി തട്ടിയകറ്റി. റീബൗണ്ട് ഗോളാക്കാന്‍ ആളുണ്ടായുമില്ല. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ സമനില ഗോളെത്തി. ഒരു പ്രത്യാക്രമണത്തിനു പിന്നാലെ പോസ്‌റ്റിന്റെ വലതുവശത്തു നിന്നുള്ള ആര്‍തര്‍ മാസുവയുടെ ക്രോസിനെ വീസ ഹെഡറിലൂടെ വലയിലെത്തിച്ചു. ഗോള്‍ കീപ്പര്‍ ഡീഗോ കോസ്‌റ്റയുടെ മുഴുനീള ഡൈവിന് പന്ത് വലയില്‍ കയറുന്നതു തടയാനായില്ല. 68 ശതമാനം സമയത്തും പന്ത് പോര്‍ചുഗല്‍ താരങ്ങളുടെ പക്കലായിരുന്നെങ്കിലും കോംഗോ താരങ്ങള്‍ അവസരങ്ങള്‍ സൃഷ്‌ടിച്ചു കൊണ്ടിരുന്നു.
ക്രിസ്‌റ്റ്യാനോയെ മുന്നില്‍ നിര്‍ത്തിയ 4-2-3-1 ഫോര്‍മേഷന്‍ ഒരുക്കിയ പോര്‍ചുഗല്‍ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസിന് അതോടെ പരീക്ഷണ ഘട്ടമായി. സൂപ്പര്‍ താരത്തിനു പന്തെത്തിക്കാന്‍ ബെര്‍നാഡോ സില്‍വ, ബ്രൂണോ ഫെര്‍ണാണ്ടസ്, പെഡ്രോ നെറ്റോ എന്നിവരടങ്ങിയ മധ്യനിരയ്‌ക്കായില്ല. വിസയും ബാകാംബുവും മുന്നില്‍നിന്ന 5-3-2 എന്ന കോംഗോയുടെ ഫോര്‍മേഷന്‍ വിജയിക്കുകയും ചെയ്‌തു. ഇന്ത്യന്‍ വംശജന്‍ സാമുവല്‍ മുത്തുസാമി ഉള്‍പ്പെട്ട മധ്യനിര കടക്കാന്‍ പറങ്കികള്‍ ആയാസപ്പെട്ടു. കോംഗോക്കെതിരേയുള്ള മത്സരത്തില്‍ വമ്പന്‍ ജയം കൊതിച്ചെത്തിയ പറങ്കികള്‍ സമനിലയുമായി തടിതപ്പി. സമനിലയ്‌ക്കൊപ്പം തന്നെ നിരാശ നല്‍കുന്നതാണു ക്രിസ്‌റ്റ്യാനോയുടെ പ്രകടനം. ആറാം ലോകകപ്പിനിറങ്ങിയ താരം തീര്‍ത്തും നിറം മങ്ങി. ആഫ്രിക്കന്‍ ടീമിനെതിരെ മുഴുവന്‍ സമയവും കളത്തിലുണ്ടായിട്ടും പന്തില്‍ 25 ടച്ചുകള്‍ മാത്രമാണ് നടത്തിയത്. ഗോളിലേക്കു മൂന്ന് ഷോട്ടുകള്‍ മാത്രമാണ് ഉതിര്‍ത്തത്. പത്താം തവണയാണു ക്രിസ്‌റ്റ്യാനോ പ്രധാന ടൂര്‍ണമെന്റുകളില്‍ ഒരു ഗോള്‍ പോലുമടിക്കാതിരിക്കുന്നത്. 2022 ലോകകപ്പില്‍ ഘാനക്കെതിരേ ഗോളടിച്ച ശേഷം താരത്തിന് ലോകകപ്പിലോ യൂറോ കപ്പിലോ ഗോള്‍ വലയില്‍ പന്തെത്തിക്കാനായില്ല. കഴിഞ്ഞ ലോകകപ്പില്‍ യുറുഗ്വേ, ദക്ഷിണ കൊറിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, മൊറോക്കോ ടീമുകള്‍ക്കെതിരെ ഗോളടിക്കാനായില്ല. 2024 യൂറോ കപ്പിലും ഗോളൊഴിഞ്ഞു. ഇതിനിടയില്‍ നടന്ന സൗഹൃദ മത്സരങ്ങളിലും യോഗ്യതാ മത്സരങ്ങളിലും ക്രിസ്‌റ്റ്യാനോ ഗോളടിച്ചിരുന്നു. 2025 യുവേഫ നേഷന്‍സ് ലീഗിലും മികച്ച പ്രകടനം നടത്തി. പോര്‍ചുഗല്‍ ജേതാക്കളായ ലീഗില്‍ എട്ട് ഗോളുകളടിച്ച ക്രിസ്‌റ്റ്യാനോ ടോപ് സ്‌കോററായി.




