
ബിര്‍മിങാം: വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്‌താന് രണ്ടാം തോല്‍വി. ഗ്രൂപ്പ് 1 മത്സരത്തില്‍ പാകിസ്‌താനെ ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റിനാണു തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത പാകിസ്‌താന്‍ ഒന്‍പത് വിക്കറ്റിന് 129 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക കളി തീരാന്‍ 19 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. ഷബ്‌നിം ഇസ്‌മായില്‍ (ഒന്ന്), അയാബോങ ഖാക (0) എന്നിവര്‍ ചേര്‍ന്നാണു ടീമിനെ ജയത്തിലെത്തിച്ചത്.
അനെരീ ഡെക്‌സെന്‍ (35 പന്തില്‍ രണ്ട് സിക്‌സറും ഏഴ് ഫോറുമടക്കം 52), നാദിനെ ഡി ക്ലാര്‍ക്ക് (28 പന്തില്‍ 37) എന്നിവരാണു വിക്കറ്റ് വീഴ്‌ചയ്‌ക്കിടെ ടീമിനെ കരകയറ്റിയത്. നായികയും ഓപ്പണറുമായ ലോറ വോള്‍വഹാത് (എട്ട്), ഓപ്പണര്‍ സുനെ ലുസ് (അഞ്ച്), മാരിസാന കാപ് (10), ഷോലെ ട്രൈയോണ്‍ (നാല്), കായ്‌ല റെയ്‌നെകെ (രണ്ട്) സിനാലോ ജാഫ (അഞ്ച്) എന്നിവരെ പുറത്താക്കാന്‍ പാകിസ്‌താനായി. പാക് നായിക സന ഫാതിമ മൂന്ന് വിക്കറ്റുമായി തിളങ്ങി. സാദിയ ഇഖ്‌ബാല്‍, ടുബാ ഹസന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നസ്‌റ്ര സന്ധു ഒരു വിക്കറ്റുമെടുത്തു. പാകിസ്‌താന്‍ ആദ്യ മത്സരത്തില്‍ ഇന്ത്യയോടു തോറ്റിരുന്നു. ദക്ഷിണാഫ്രിക്കയും ആദ്യ മത്സരത്തില്‍ തോറ്റു. രണ്ട് കളികളില്‍നിന്നു നാല് പോയിന്റുള്ള ഇന്ത്യ ഒന്നാമതും ഓസ്‌ട്രേലിയ രണ്ടാമതുമാണ്. ഇന്നലെ ടോസ് നേടിയ പാക് നായിക ഫാത്തിമ സന ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. മാരിസാന കാപ് എറിഞ്ഞ ആദ്യ പന്തില്‍ തന്നെ മുനീബ് അലി പുറത്തായി. അവസാന പന്തില്‍ ഗുല്‍ ഫിറോസയെയും (ഒന്ന്) കാപ് പുറത്താക്കി. ഫാത്തിമ സനയുടെ (38 പന്തില്‍ രണ്ട് സിക്‌സറും ആറ് ഫോറുമടക്കം പുറത്താകാതെ 55) ഓള്‍റൗണ്ട് മികവാണ് സ്‌കോര്‍ 100 കടത്തിയത്‌്. ടുബ ഹസനും (27 പന്തില്‍ 23) അവസരോചിത ബാറ്റിങ് പുറത്തെടുത്തു. കാപ് മൂന്ന് വിക്കറ്റും ഇസ്‌മായില്‍, അയാബോങ ഖാക എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. നാല് പാക് വനിതകള്‍ റണ്ണൗട്ടായി.




