
നഴ്സുമാരുടെ വേഷത്തെക്കുറിച്ച് നടി കങ്കണാ റണൗട്ട് നടത്തിയ പരാമർശത്തിനെതിരെ ലോക്സഭാ സ്പീക്കർക്ക് പരാതി. യൂത്ത് കോൺഗ്രസ് നേതാവാണ് പരാതി നൽകിയത്. വിവാദമായ പരാമർശം പിൻവലിക്കാൻ കങ്കണ തയ്യാറായിട്ടില്ല. പ്രതിഷേധങ്ങൾക്കിടെ നടിയെ പിന്തുണച്ച് ബിജെപി നേതാക്കളും രംഗത്തെത്തി.
നഴ്സായി വേഷമിടുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് കങ്കണ വിവാദ പരാമർശം നടത്തിയത്. ഇന്ത്യയിലെ നഴ്സിംഗ് തൊഴിൽ ലൈംഗികവൽക്കരിക്കപ്പെട്ടതാണെന്നും വിദേശ ശൈലിയിലുള്ള നഴ്സ് യൂണിഫോമിൽ മാറ്റം വേണമെന്നുമാണ് നടി പറഞ്ഞത്. ലോക്സഭാ എംപി എന്ന നിലയിൽ കങ്കണ നടത്തിയ പരാമർശം അതീവ ഗുരുതരമാണെന്നും വിഷയത്തിൽ കടുത്ത നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ലോക്സഭാ സ്പീക്കർക്ക് പരാതി നൽകിയത്. യൂത്ത് കോൺഗ്രസ് നേതാവും ഒരു നഴ്സിന്റെ മകനുമായ വിനീത് തോമസാണ് പരാതി സമർപ്പിച്ചത്.






