
അച്ഛന്റെ അവസാന നിമിഷങ്ങളില്‍ മൊബൈല്‍ ക്യാമറയുമായി ഇടിച്ച് കയറിയവര്‍ക്ക് നേരെ സലീം കുമാറിന്റെ മകനായ ചന്തു പൊട്ടിത്തെറിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സംസ്കാരച്ചടങ്ങുകള്‍ നടക്കുന്ന സമയത്ത് അന്ത്യചുംബനം പോലും നല്കാന് സമ്മതിക്കാതെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തിക്കിത്തിരക്കിയതും ഗാര്‍ഡ് ഓഫ് ഹോണര്‍ കൊടുക്കാന്‍ പോലും പറ്റാത്ത സാഹചര്യമായപ്പോഴുമാണ് ചന്തു പ്രതികരിച്ചത്.
ആദ്യം മാറിനില്ക്കാന് ശാന്തമായി പറഞ്ഞെങ്കിലും പിന്നീട് അനുസരിക്കാതെ വന്നപ്പോള്‍, ‘നിങ്ങള്‍ക്കെന്താണ് വേണ്ടത്, മാറെടാ...’ എന്ന് പറഞ്ഞ് ചന്തു ആക്രോശിക്കുകയായിരുന്നു. അവിടെ കൂടിനിന്നവരും ബന്ധുക്കളും ‘ചന്തൂ...’ എന്ന് വിളിച്ച് താരപുത്രനെ പിന്തിരിപ്പിക്കുകയായിരുന്നു. ആളുകളോട് പൊട്ടിത്തെറിച്ചതിന് പിന്നാലെ ചന്തു പൊട്ടിക്കരയുകയും ചെയ്തിരുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് സമാനമായൊരു അവസ്ഥയിലൂടെ മല്ലിക സുകുമാരനും മക്കളും കടന്നുപോയിട്ടുണ്ട്. സുകുമാരന്റെ വിയോഗ സമയത്ത് മോഹന്‍ലാലും മമ്മൂട്ടിയും വന്നപ്പോള്‍ അവരെ കാണാനായി ആളുകള്‍ തിക്കും തിരക്കും കൂട്ടി. ‘ഇതെന്താണ് ഇവിടെ നടക്കുന്നതെ’ന്നായിരുന്നു അന്ന് പൃഥ്വിരാജ് ചോദിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം, അച്ഛന് അന്ത്യയാത്ര നല്‍കുന്നതിനിടെ ക്യാമറയും, മൊബൈല്‍ഫോണുമായി തിക്കിനിന്നവരോട് മാറി നില്ക്കാന് പറഞ്ഞ് പൊട്ടിത്തെറിക്കുകയായിരുന്നു ചന്തു.
ഇപ്പോഴിതാ താൻ നൂറ് ശതമാനവും സലീം കുമാറിന്റെ മകന് ചന്തുവിനൊപ്പമാണെന്ന് പറയുകയാണ് മല്ലിക സുകുമാരൻ. ഇത്തരം മൊബൈൽ ചാനലുകാരെ കർശനമായി നിരോധിക്കണമെന്നും അതിനുള്ള സംവിധാനം മുഖ്യമന്ത്രി ചെയ്യണമെന്നുമാണ് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ മല്ലിക സുകുമാരന്‍ പറയുന്നത്.
‘‘മുഖ്യധാര മാധ്യമങ്ങൾ ആശുപത്രിയിൽ ചെന്നു. അതിന് ശേഷം പൊതുദർശനം നടന്ന സ്ഥലത്തു ചെന്നു. ആശുപത്രിയില്‍ ചെന്നു, അതുകഴിഞ്ഞ് പൊതുദര്‍ശനത്തിന് വെച്ചിടത്ത്. അപ്പോള്‍ തന്നെ ആവശ്യത്തിന് ചിത്രങ്ങളും വീഡിയോയും എടുത്ത് കാണും. അതും കഴിഞ്ഞാണ് വീട്ടിലേക്ക്, ഈ മൊബൈലുകാരുടെ കാര്യമാണ് സഹിക്കാൻ വയ്യാത്തത്. ഒരു അനുഭവസ്ഥയാണ് ഞാൻ. അന്ന് സുകുവേട്ടന്റെ മൃതദേഹം തിരുവനന്തപുരം കലാഭവനിൽ കൊണ്ടുവന്ന് വയ്ക്കുന്നു. എടുക്കാൻ താമസിക്കണേ, താമസിക്കണേ എന്ന് ഉള്ളിൽ പ്രാർഥിക്കുകയാണ്. കാരണം അത്രയും നേരമെങ്കിലും ആ മുഖമെങ്കിലും കാണാമല്ലോ എന്നായിരുന്നു എല്ലാവരുടെയും ചിന്ത.
അന്നേരം ആ മോൻ അങ്ങനെ പ്രതികരിച്ചില്ലെങ്കിൽ പിന്നെ അത് സലിം കുമാറിന്റെ മോനാണെന്ന് നമുക്ക് പറയാൻ പറ്റുമോ ? എന്ത് സത്യസന്ധമായിട്ട് പ്രതികരിക്കുന്ന ആളാണ് സലിം കുമാർ എന്ന കാര്യം അറിയാമോ. പാർട്ടിയുടെ അനുഭാവിയായിട്ട് മാത്രമല്ല, അദ്ദേഹം സംസാരിച്ചിട്ടുള്ളത്. അത്രയും സത്യസന്ധമായിട്ട് പറയുന്ന ഒരു മനുഷ്യനെ ഓർത്ത് ആ മകന് എന്തോരം അഭിമാനമുണ്ടാകും. അച്ഛൻ ഇനി ഇല്ല എന്ന തോന്നൽ അവരെ തകർത്തു കളയും.
ഞാനിതുപോലെ രണ്ട് ആൺമക്കളെ വളർത്തിയതാണ്. ഒരാൾ പത്തിലും ഇന്ദ്രൻ എഞ്ചിനീയറിങ്ങിന് ചേർന്നതേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്താണ് സുകുവേട്ടന്റെ മരണം. അന്ന് കലാഭവനിൽ കൊണ്ടുവന്ന് പൊതുദർശനത്തിന് വച്ചു. മമ്മൂട്ടിയും മോഹൻലാലുമൊക്കെ ഓടി വന്നു. ഇതുപോലെ അന്ന് വലിയ ബഹളം. മോൻ (പൃഥ്വിരാജ്) ഇങ്ങനെ നിർവികാരനായി ഇങ്ങനെ നോക്കി കൊണ്ട് നിൽക്കുവാ. എനിക്കാണെങ്കിൽ സങ്കടവും സഹിക്കാൻ വയ്യ. അപ്പോൾ അവൻ ഇങ്ങനെ എന്റെ തോളത്തു വന്ന് കൈ വച്ചു. അന്നേരം ചോദിച്ചില്ല, അതുകഴിഞ്ഞപ്പോൾ പറഞ്ഞു. ‘അമ്മേ ഇപ്പോൾ ഈ കിടന്ന് ബഹളം വയ്ക്കുന്നവരൊന്നും അച്ഛനെ കാണാൻ വന്നവരായിരിക്കത്തില്ല അമ്മേ. താരങ്ങളെ കാണാൻ വന്നതായിരിക്കും. അവർക്ക് വേറൊരു സ്ഥലം കൊടുത്തൂടെ....’ അവൻ എന്നോട് ചോദിച്ച ചോദ്യമാണ്. അന്ന് പത്താം ക്ലാസിൽ പഠിക്കുന്നേയുള്ളൂ. ‘മോനേ ഈ വഴി പോയപ്പോൾ ഇവിടെ ഒരു ചടങ്ങ് നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടൊക്കെ വന്നതായിരിക്കുമെ’ന്ന് പറഞ്ഞ് ഞാൻ അവനെ സമാധാനിപ്പിച്ചു.
അത് പല പ്രാവശ്യവും പൃഥ്വി പറഞ്ഞിട്ടുണ്ട്. എങ്ങനെ താങ്ങാൻ പറ്റും ഈ വേണ്ടപ്പെട്ടവർക്ക്. അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ കൊടുക്കാൻ പൊലീസുകാർ തയ്യാറായി നിൽക്കുകയാണ്. മൊബൈലുകാര് കാരണം പൊലീസുകാർക്ക് അവരുടെ റൈഫിൾ താക്കാൻ പറ്റുന്നില്ല.
പിന്നെ ഇത്രയും വർഷക്കാലം അദ്ദേഹത്തോടൊപ്പം ജീവിച്ച ഭാര്യ കസേരയുടെ തൊട്ടുപിറകിൽ ഇരിക്കുകയാണ്. കുറച്ചുകൂടെ മര്യാദയോടെയുള്ള പെരുമാറ്റമാവാം. വകതിരിവോ, മര്യാദയോ ഇല്ലാതെ പെരുമാറിയാണോ പൈസയുണ്ടാക്കേണ്ടത്. സലീമിന്റെ ഭാര്യയുടെ കരച്ചിലുണ്ടല്ലോ, അതൊക്കെ അനുഭവിച്ചവര്‍ക്കേ മനസിലാവൂ. ആ മക്കളേയും ചേര്‍ത്തുപിടിച്ച് സലീമിന്റെ ഭാര്യയെ കുറച്ചുനേരമെങ്കിലും അവിടെ നില്ക്കട്ടെ എന്ന് വിചാരിക്കുന്ന ഒരാളെയും അവിടെ കണ്ടില്ല. ഉള്ള സമയം അവര്‍ക്ക് വിട്ടുകൊടുക്ക്. വീട്ടിലേക്ക് വരുമ്പോള്‍ മെയ്ന്‍ സ്ട്രീം ചാനലുകാരെ മാത്രം കടത്തിവിട്ട്, വിളക്കൊന്നും വെച്ചിരിക്കുന്നിടത്തേക്ക് പ്രവേശനം കൊടുക്കാതെയിരിക്കുക.
മൊബൈലുമായി വരുന്നവരെയെല്ലാം നിയന്ത്രിക്കുക. അതാണ് എനിക്ക് പറയാനുള്ളത്. എനിക്കൊരു അപേക്ഷയേ ഉള്ളൂ. കുറച്ചു കൂടി വകതിരിവോടെ പെരുമാറണം. ഇവർക്ക് കുറച്ച് കണ്ടന്റ് വേണം, അത് റീലാക്കണം. അത് എവിടെയെങ്കിലുമൊക്കെ ഇടണം. അത് പത്ത് പേര് കാണണം. കണ്ടവരുടെ എണ്ണം കൂടുമ്പോൾ കാശ് കിട്ടും. ഇങ്ങനെയാണോ കാശ് ഉണ്ടാക്കുന്നത്. എനിക്കറിയാൻ പാടില്ലാത്തതു കൊണ്ട് ചോദിക്കുവാ. അത്രയും വിദ്യാഭ്യാസമോ മര്യാദയോ വകതിരിവോ ഇല്ലാത്ത പിള്ളേരാണോ ഈ മൊബൈയിലുമായി നടക്കുന്നത് ?
വേണ്ടത്ര സമയം ഭാര്യയ്ക്കും മക്കള്‍ക്കും നില്ക്കാന് കഴിഞ്ഞില്ല. നൂറ് ശതമാനം ഞാന്‍ ആ മോനൊടൊപ്പമാണ്. എന്റെ മക്കളും അന്ന് ഇതുപോലെയൊരു അനുഭവത്തിലൂടെ കടന്നുപോയവരാണ്. ‘അമ്മേ, വീട്ടില്‍ മതിയായിരുന്നു. ഇങ്ങോട്ടേക്ക് കൊണ്ടുവരേണ്ടിയിരുന്നില്ല എന്നുവരെ പറഞ്ഞിരുന്നു. അത് വല്ലാത്തൊരു വേദനയാണ്. അതിലൂടെ കടന്നുപോയവര്‍ക്കേ അത് മനസിലാവൂ. പെട്ടെന്നൊന്നും മാറുന്നതല്ല അത്....’ആ ചലമനറ്റ ശരീരം കാണാന്‍ പോവുമ്പോള്‍ ഭാര്യയേയും മക്കളേയും മറയരുതെന്ന് ഇവര്‍ക്കറിയില്ലേ. എന്തിനാ ഇവരെയൊക്കെ ഇങ്ങോട്ട് കയറ്റുന്നതെന്ന് ചോദിച്ചതാണ് എന്റെ പൃഥ്വിരാജ്.
സലീം കുമാറിന്റെ മോനെ ആരെന്ത് പറഞ്ഞാലും അങ്ങേയറ്റം അനുഭവിക്കും. മുഖമൊക്കെ മുറുകിയാണ് അവന് പറയുന്നത്. സങ്കടം കൊണ്ടാണ്. ആ മൂത്ത മകനാണ് ഇനി വീടിന്റെ കാര്ന്നോര്. ഏതവന്‍ കമന്റിട്ടാലും ഇതിനേക്കാളും ഭയാനകമായ സാഹചര്യത്തിലൂടെ അവരും കടന്നുപോവും. സഹായത്തിനൊന്നും ആരും ഉണ്ടാവുകയുമില്ല. എന്നാലേ പഠിക്കുകയുള്ളൂ...’’ മല്ലിക സുകുമാരൻ പറഞ്ഞു. ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരന്‍. നിരവധി സെലിബ്രിറ്റികള്‍ ചന്തുവിനെ പിന്തുണച്ചും ഓണ്‍ലൈന്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തിയും സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ പങ്കിട്ടിരുന്നു. വകതിരിവും മര്യാദയുമൊക്കെ കാണിക്കണമെന്നും ദുഃഖം കാണുമ്പോള്‍ അത് പകര്‍ത്തുകയല്ല വേണ്ടതെന്നും പലരും കുറിച്ചു.






