
മലയാള സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’യിലുണ്ടായ വാദപ്രതിവാദങ്ങളും തര്‍ക്കങ്ങളുമാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങളില്‍ നിറയുന്നത്. ‘അമ്മ’യുടെ ചരിത്രത്തിലാദ്യമായി വനിതാ നേതൃത്വം നിലവില്‍ വന്നതിനെ പ്രശംസിച്ചവര്‍ പലരും ഇതു വേണ്ടിയിരുന്നില്ല എന്ന് പറയേണ്ട രീതിയിലേക്ക് കാര്യങ്ങള്‍ മാറിമറിഞ്ഞു. അത്രത്തോളം രൂക്ഷമായി ‘അമ്മ’യിലെ പ്രശ്നങ്ങള്‍ മാറി. പ്രശ്നങ്ങള്‍ അതിരു കവിഞ്ഞതോടെ പ്രസിഡന്റ് ശ്വേത മേനോന് ഉള്‍പ്പടെയുള്ള ഭരണസമിതി കൂട്ടരാജി വയ്ക്കുകയും ചെയ്തു.
ഇപ്പോഴിതാ ഇക്കാര്യത്തിലുള്ള തന്റെ അഭിപ്രായം തുറന്നു പറയുകയാണ് നടന് മണികണ്ഠന് ആചാരി. താരസംഘടനയായ അമ്മയുടെ പ്രശ്നം രാജ്യത്തെ ബാധിക്കുന്നതാണോ എന്ന് ചോദിക്കുന്ന മണികണ്ഠന്, അതിന് അതിന്റേതായ സ്വാതന്ത്ര്യം നൽകിക്കൂടേയെന്നും ചോദിക്കുന്നു.
‘‘രാജ്യത്തെ ബാധിക്കുന്ന കാര്യമാണോ ‘അമ്മ’ എന്ന സംഘടന ? അതിനെ അതിന്റെ വഴിക്ക് സ്വതന്ത്രമായി വിട്ടു കഴിഞ്ഞാൽ അത് നല്ല രീതിയിൽ മുന്നോട്ട് പോകും. കൊറോണ സമയത്ത്, അതുപോലെ എന്റെ അമ്മ മരിച്ചപ്പോൾ ഉൾപ്പെടെ ഞങ്ങളെപ്പോലുള്ള സാധാരണക്കാരായ നടന്മാർക്ക് ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുള്ള കമ്മിറ്റിയാണിത്. വ്യക്തിപരമായി എന്നെ സഹായിച്ചിട്ടുണ്ട്. പക്ഷേ, കമ്മിറ്റി എന്റെ ഒരു കുടുംബത്തിന് വേണ്ടി മാത്രം ഉള്ളതല്ലല്ലോ. അത് എല്ലാവർക്കും എല്ലാ രീതിയിലും നന്നായിരിക്കണം.
പ്രവർത്തനങ്ങൾ നന്നായില്ലെങ്കിൽ അത് ജനറൽ ബോഡിയിൽ ചർച്ച വരും. മാറ്റേണ്ട കാര്യങ്ങളാണെങ്കിൽ മാറ്റും. ഇത് എല്ലാടത്തും നടക്കുന്ന സാധാരണ കാര്യമാണ്. ഇതിനകത്ത് സ്ത്രീ-പുരുഷൻ എന്നോ അല്ലെങ്കിൽ അങ്ങോട്ടുമിങ്ങോട്ടും കുത്തിത്തിരിപ്പുകളോ ഉണ്ടാക്കേണ്ട കാര്യമില്ല. ഇതൊരു വലിയ കൊള്ളസംഘം ഒന്നുമല്ല, സാധാരണ ഒരു കമ്മിറ്റിയാണ്. നമ്മളെപ്പോലെയുള്ളവർക്ക് ജോലിയില്ലാതെ വരുമ്പോൾ ‘കൈനീട്ടം’ എന്ന് പറയുന്ന പെൻഷൻ പദ്ധതിയുണ്ട്. വീടില്ലാത്തവർക്ക് വീട് വെച്ചു കൊടുക്കുന്നുണ്ട്. മരുന്ന് വാങ്ങാനുള്ള സഹായങ്ങളും ഓരോ വിശേഷങ്ങൾ വരുമ്പോൾ മറ്റ് സഹായങ്ങളും നൽകുന്നുണ്ട്.
സിനിമയിൽ കയറിയതിനു ശേഷം പഴയതുപോലെ സുഹൃത്തുക്കളോ സ്വന്തക്കാരോ അത്രയ്ക്കില്ല. നമുക്ക് നമ്മുടെ പാട്ടും ഡാൻസും തമാശകളും കൂതറത്തരങ്ങളും ഒക്കെ കാണിക്കാൻ കിട്ടുന്ന ഒരു അവസരമാണിത്. മറ്റ് ക്ലബ്ബുകളിലൊന്നും പോയി പണ്ടത്തെപ്പോലെ നമുക്കിത് ചെയ്യാൻ പറ്റില്ലല്ലോ. അതുകൊണ്ട് ഞങ്ങൾ ഒരുപാട് എൻജോയ് ചെയ്യുന്ന ഒരു ഫാമിലിയാണിത്. ബാക്കിയുള്ളവർക്ക് അത് വെറും ഇംഗ്ലീഷ് അക്ഷരത്തിൽ (A.M.M.A) പറയാൻ എളുപ്പമായിരിക്കും. പക്ഷേ ഞങ്ങൾക്ക് ‘അമ്മ’ എന്ന് തന്നെ പറയേണ്ടി വരുന്നത്, അല്ലെങ്കിൽ പറയാൻ പറ്റുന്നത് അവർ ഞങ്ങളെ അത്രത്തോളം കെയർ ചെയ്യുന്നത് കൊണ്ടാണ്. ഞങ്ങൾക്ക് കാര്യങ്ങൾ നടക്കുന്നുണ്ട്. ഇത് ഒരിക്കലും നശിച്ചു പോകാനോ, അല്ലെങ്കിൽ തമ്മിൽ തല്ലി നാട്ടുകാരുടെ മുമ്പിൽ വിരിക്കപ്പെടുന്നത് ഒരു മെമ്പർ പോലും ഇഷ്ടപ്പെടുന്നില്ല...’’ മണികണ്ഠന് ആചാരി പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിനോടാണ് താരത്തിന്റെ പ്രതികരണം.
ഏതു വേഷവും അനായാസേന ഇണങ്ങുന്ന അതുല്യ നടൻ എന്ന് ആദ്യ സിനിമയിലൂടെ തെളിയിച്ച താരമാണ് മണികണ്ഠൻ ആചാരി. കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെയെത്തി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ മണികണ്ഠന് ആചാരി, തന്റെ ആദ്യ ചിത്രത്തില്‍ തന്നെ മികച്ച സ്വഭാവ നടനുള്ള കേരള സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്ര പുരസ്കാരം നേടി. മലയാളത്തിനപ്പുറം തമിഴിലും ശ്രദ്ധിക്കപ്പെട്ട താരമാണ് മണികണ്ഠൻ.






