
ന്യൂഡൽഹി: സ്റ്റാൻഡ്-അപ്പ് കോമഡി ഷോയിലെ തമാശ അതിരുകടന്നപ്പോൾ ഒരു വെബ് ഡവലപ്പർക്ക് ജോലി നഷ്ടമായി. തമാശ പറഞ്ഞ് സ്വയം ജോലി തെറിപ്പിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ! ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന വെബ് ഡവലപ്പറായ ഹിമാൻഷു ജാംഗ്രയെയാണ് വിവാദ പ്രതികരണങ്ങളെ തുടർന്ന് കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. യഥാർത്ഥത്തിൽ, വനിതകളുടെ പ്രതിഷേധത്തെ തുടർന്ന് അവർ നിർബന്ധിതരാവുകയായിരുന്നു.
പ്രശസ്ത കോമഡി താരം പ്രണീത് മോറെയുടെ ലൈവ് കോമഡി ഷോയ്ക്കിടെയായിരുന്നു സംഭവം. കാണികളുമായി കോമഡി താരം സംസാരിക്കുന്നതിനിടയിൽ ഹിമാൻഷു താൻ പങ്കെടുത്ത ഒരു ഡേറ്റിംഗിനെക്കുറിച്ച് സംസാരിച്ചു. ഒരു പെൺകുട്ടിയുമായി ഡേറ്റിംഗിന് പോയപ്പോൾ താൻ 370 രൂപ മുടക്കി ചിക്കൻ ബിരിയാണി വാങ്ങിനൽകിയെന്നും, താൻ പണം മുടക്കിയതുകൊണ്ട് പകരമായി ആ പെൺകുട്ടിയിൽ നിന്നും ചിലത് (ശാരീരിക അടുപ്പം) പ്രതീക്ഷിച്ചിരുന്നു എന്നുമാണ് ഹിമാൻഷു പറഞ്ഞത്.
ഒരു പെൺകുട്ടിക്ക് ഭക്ഷണം വാങ്ങി നൽകി എന്നത് അവരിൽ നിന്ന് എന്തും പ്രതീക്ഷിക്കാനുള്ള അവകാശമായി മാറുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ആയിരക്കണക്കിന് ആളുകൾ ഹിമാൻഷുവിനും കമ്പനിക്കും എതിരെ രംഗത്തെത്തി. ഹിമാൻഷുവിന്റെ 370 രൂപ ബിരിയാണി വീഡിയോ വൈറലായതോടെ പ്രതിഷേധം അവൻ ജോലി ചെയ്യുന്ന 'സ്റ്റാർവിക് ഡിസൈൻ' ഗ്രാമിലെ ബ്രാൻഡിംഗ് കമ്പനിക്ക് നേരെയായി. ഹിമാൻഷുവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനിയുടെ ഇമെയിലിലും ഫോണിലും സോഷ്യൽ മീഡിയ മെസ്സേജുകളുടെ പ്രവാഹമായിരുന്നു.
പ്രതിഷേധം ശക്തമായതോടെ കമ്പനിയുടെ സ്ഥാപകനായ വിവേക് വിശ്വകർമ്മ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് ഹിമാൻഷുവിനെ ജോലിയിൽ നിന്ന് നീക്കിയതായി ഔദ്യോഗികമായി അറിയിച്ചു.
വെറുമൊരു തമാശയായി തുടങ്ങിയ കാര്യം ഒടുവിൽ യുവാവിന്റെ കരിയർ തന്നെ പ്രതിസന്ധിയിലാക്കുന്ന അവസ്ഥയിലാണ് എത്തിച്ചിരിക്കുന്നത്. അതേസമയം, അതിരു കടന്ന തമാശ സ്ത്രീത്വത്തെ അപമാനിക്കുന്നതായിരുന്നു എന്ന കാര്യവും കണക്കിലെടുക്കേണ്ടതുണ്ട്.






