
പാലക്കാട്: കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി സർക്കാർ പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി സ്വകാര്യ ബസ് മേഖലയെ തകർക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. സർക്കാർ ഈ സൗജന്യ സർവീസ് പ്രഖ്യാപിച്ചപ്പോൾ സ്വകാര്യ മേഖല നേരിടാനിടയുള്ള വലിയ പ്രതിസന്ധികളെക്കുറിച്ച് ചർച്ച ചെയ്യാൻ പോലും തയ്യാറായില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ.
സ്വകാര്യ ബസ് മേഖലയെ പൂർണ്ണമായും അവഗണിക്കുന്ന നിലപാടാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. പ്രതിസന്ധി ഇതേപടി തുടർന്നാൽ സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസുകൾ പൂർണ്ണമായി നിലയ്ക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ തുടർനടപടികൾ ആലോചിക്കുന്നതിനായി നാളെ തൃശൂരിൽ ബസ് ഉടമകളുടെ അടിയന്തര സംസ്ഥാന സമിതി യോഗം ചേരുമെന്നും ടി ഗോപിനാഥൻ അറിയിച്ചു.
ശക്തമായ സമരത്തിലേക്ക് കടക്കാൻ ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക തകർച്ച കാരണം അതിനുപോലും സാധിക്കാത്ത അവസ്ഥയാണെന്ന് ടി. ഗോപിനാഥൻ വ്യക്തമാക്കി. ദിവസവും ബസിൽ ഡീസൽ അടിക്കാൻ പോലും പണമില്ലാത്ത അവസ്ഥയിൽ എങ്ങനെയാണ് സമരം ചെയ്യുക, അദ്ദേഹം ചോദിച്ചു. വിഷയത്തിൽ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും നേരത്തേ കണ്ട് നിവേദനം നൽകിയിരുന്നെങ്കിലും, അനുഭാവപൂർവ്വം പരിഗണിക്കാമെന്ന ഉറപ്പ് ഇതുവരെ നടപ്പായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.






