
വിഖ്യാത സംവിധായകന് ഭാരതിരാജയുടെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി ഗായിക ശ്വേത മോഹന്‍. നിരവധി മാസ്റ്റര്‍പീസുകള്‍ നല്കിയ സംവിധായകനെയാണ് നഷ്ടമായതെന്ന് ശ്വേത കുറിച്ചു. ഭാരതിരാജയുടെ ‘മുതല്‍ മര്യാദൈ ’എന്ന സിനിമയിലെ ‘രാസാവെ ഉന്നൈ നമ്പി ’എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ശ്വേത ഭാരതിരാജയ്ക്ക് സ്നേഹാഞ്ജലി അര്‍പ്പിച്ചത്. മറ്റേത് ദിവസമായിരുന്നെങ്കിലും ഈ പാട്ട് സന്തോഷത്തോടെ പാടാന്‍ കഴിയുമായിരുന്നുവെന്നും ശ്വേത കുറിച്ചു.
‘മറ്റൊരു ദിവസമായിരുന്നുവെങ്കില് എന്റെ ഈ പ്രിയപ്പെട്ട ഗാനം ഞാന്‍ കൂടുതല്‍ സന്തോഷത്തോടെ പാടുമായിരുന്നു. എന്നാല്‍ ഇന്ന് ഈ പാട്ടിനും മറ്റ് നിരവധി മാസ്റ്റര്‍പീസ് പാട്ടുകള്‍ക്കും സിനിമകള്‍ക്കും പിന്നിലെ സ്രഷ്ടാക്കളില് ഒരാളെ നമുക്ക് നഷ്ടപ്പെട്ടു.
ഇയക്കുനര്‍ ഇമയം (സംവിധായകരില്‍ ഏറ്റവും മികച്ച സംവിധായകന്) ഭാരതിരാജ സാര്‍ ഇന്ന് അന്തരിച്ചു. അദ്ദേഹത്തിന്റെ മനോഹരമായ എല്ലാ സൃഷ്ടികളെയും നമുക്ക് വിലമതിക്കാനും ആഘോഷിക്കാനും വേണ്ടി അവശേഷിച്ചു.
അദ്ദേഹത്തിന്റെ സിനിമയില്‍ അമ്മ പാടിയ ആത്തങ്കര മരമേ, സൊട്ടച്ചൊട്ട നനയുത്, താമരപ്പൂവുക്കും തുടങ്ങിയ ഗാനങ്ങളെല്ലാം സംഗീത പരിപാടിയില്‍ ആലപിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ ഓര്‍ക്കും. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു’. ശ്വേത മോഹന്റെ വാക്കുകള്‍.






