
അവതാരകയായി കരിയർ ആരംഭിച്ച്, പിന്നീട് അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ച താരമാണ് രജിഷ വിജയന്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ താരം, പിന്നീട് ജൂൺ അടക്കമുള്ള ഒട്ടനവധി സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നെടുത്തു. നീണ്ട പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം മികച്ച കഥാപാത്രങ്ങളിലൂടെ രജിഷ തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുകയാണ്.
അടുത്തിടെ 15 കിലോ ഭാരം കുറച്ച് ബോഡി ട്രാൻസ്ഫർമേഷനിലൂടെയും താരം ആരാധകരെ അമ്പരപ്പിച്ചു. ചെറിയൊരു ഇടവേളയ്ക്ക് ശേഷമെത്തിയ മസ്തിഷ്ക മരണം എന്ന സിനിമയ്ക്ക് വേണ്ടിയാണ് താരം ഭാരം കുറച്ചത്. ഈ സിനിമയിലൂടെ വീണ്ടും രജിഷ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു.
സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവച്ച ഒരു വലിയ സന്തോഷം സഹോദരി അഞ്ജുഷയുടെ വിവാഹമായിരുന്നു. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് തന്റെ കുഞ്ഞു കുട്ടി വധുവായത് എന്ന് കുറിച്ചാണ് താരം അനിയത്തിയുടെ വിവാഹചിത്രങ്ങള്‍ പങ്കിട്ടത്. നിരവധി ആരാധകരും സഹതാരങ്ങളും രജിഷയുടെ പോസ്റ്റിന് താഴെ ആശംസകളും സ്നേഹവും കുറിച്ച് കമന്റുകളുമിട്ടിരുന്നു.
ഇപ്പോഴിതാ തന്റെ അനിയത്തിക്കൊപ്പമുള്ള മനോഹര നിമിഷങ്ങളും നൊസ്റ്റാള്‍ജിയയും പങ്കുവയ്ക്കുകയാണ് രജിഷ. കുട്ടിക്കാലത്ത് തനിക്ക് ഏറെയിഷ്ടമുള്ള കാര്യങ്ങളിലൊന്ന് അനിയത്തി ഒരുക്കുക എന്നതായിരുന്നുവെന്നും ഇന്നുമതിന് മാറ്റമില്ലെന്നുമാണ് രജിഷ കുറിച്ചത്.
‘‘കുട്ടിക്കാലത്ത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങളിൽ ഒന്നായിരുന്നു ഇവളെ അണിയിച്ച് ഒരുക്കുക എന്നത്, ഇപ്പോഴും അത് അങ്ങനെ തന്നെ... എന്നേക്കും എന്റെ ബാർബി അഞ്ജുഷ...’’ എന്ന ക്യാപ്ഷന്‍ നല്കി രജിഷ അനിയത്തിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. കേരള സ്റ്റൈല്‍ ഔട്ട്ഫിറ്റിലാണ് ചേച്ചിയും അനിയത്തിയും ചിത്രങ്ങളില്‍ തിളങ്ങുന്നത്. തന്റെ കൈക്കുള്ളില്‍ അനിയത്തിയെ ചേര്‍ത്തു പിടിക്കുമ്പോഴുള്ള സന്തോഷവും പറഞ്ഞറിയാക്കാനാകാത്ത വികാരവും രജിഷയുടെ ഓരോ ചിത്രങ്ങളിലും തെളിഞ്ഞു കാണാം.






