
മെക്സിക്കോസിറ്റി: ആരാധകരാല്‍ നിറഞ്ഞുകവിഞ്ഞ അസ്ടെക്ക സ്റ്റേഡിയത്തില്‍ നടന്ന ആവേശം നിറഞ്ഞ ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍, സഹ-ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തി. മത്സരത്തില്‍ ആകെ മൂന്ന് കളിക്കാരാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. ദക്ഷിണാഫ്രിക്ക ഒന്‍പത് പേരുമായാണ് മത്സരം അവസാനിപ്പിച്ചത്. മെക്സിക്കോ പത്തുപേരുമായും.
ദക്ഷിണാഫ്രിക്കയുടെ രണ്ടുപേര്‍ ചുവപ്പ് കാര്‍ഡ് കണ്ടപ്പോള്‍ മെക്സിക്കോയുടെ ഒരു കളിക്കാരനും പുറത്തായി. ബ്രസീലിയന്‍ റഫറി വില്‍ട്ടണ്‍ സാംപായോ ആണ് ഈ മത്സരത്തില്‍ ചുവപ്പ് കാര്‍ഡുകള്‍ പുറത്തെടുത്തത്. ഗോള്‍ നേടാനുള്ള മികച്ച അവസരം തടഞ്ഞതിന് ദക്ഷിണാഫ്രിക്കയുടെ യായ സിത്തോലെയ്ക്കും, മുഖത്തടിച്ചതിന് തീംബ സ്വാനെയ്ക്കും റഫറി ചുവപ്പ് കാര്‍ഡ് നല്കി. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഫൗള്‍ ചെയ്തതിന് മെക്സിക്കോയുടെ സീസര്‍ മോണ്ടെസും പുറത്തായി. കഴിഞ്ഞ 2022 ഖത്തര്‍ ലോകകപ്പില്‍ ആകെ നാല് ചുവപ്പ് കാര്‍ഡുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്, എന്നാല്‍ ഒരു ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ മൂന്ന് ചുവപ്പ് കാര്‍ഡുകള്‍ ലഭിക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്.
കളിയുടെ ഒമ്പതാം മിനിറ്റില്‍ തന്നെ മെക്സിക്കോ സ്കോര്‍ ചെയ്തു. എറിക് ലിറ നല്കിയ പന്ത് സൗദി പ്രോലീഗ് താരം ഹൂലിയന്‍ കിന്യോനെസ് വലയിലാക്കി. രണ്ടാം പകുതിയുടെ 67 ാം മിനിറ്റിലായിരുന്നു രണ്ടാം ഗോള്‍. റോബര്‍ട്ടോ അല്‍വാരഡോ നല്കിയ പന്ത് റൗള്‍ ഹിമെനെസ് വലയില്‍ എത്തിച്ചു. പരുക്കന്‍ കളിയുടെ പേരില്‍ 49 ാം മിനിറ്റില്‍ ദക്ഷിണാഫ്രിക്കയുടെ യായ സിമത്താലെയാണ് കളിയില്‍ ആദ്യം ചുവപ്പ് കാര്‍ഡ് കണ്ടത്. 84 ാം മിനിറ്റില്‍ വീണ്ടും റഫറി ചുവപ്പ് കാര്‍ഡ് പുറത്തെടുത്തു. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ചുവപ്പ് കാര്‍ഡ് വാങ്ങിയത് തീംബ സ്വാനെ ആയിരുന്നു.
ഈ ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ 17 വയസ്സുകാരന് മെക്സിക്കന്‍ മിഡ്ഫീല്‍ഡര്‍ ഗില്‍ബര്‍ട്ടോ മോറ രണ്ടാം പകുതിയില്‍ പകരക്കാരനായി കളത്തിലിറങ്ങി. മത്സരം ആരംഭിക്കുന്നതിന് മുന്‍പ് വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങ് നടന്നു. കൊളംബിയന്‍ ഗായിക ഷക്കീറ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. അവസാന നിമിഷങ്ങളില്‍ മെക്സിക്കോയുടെ സീസര്‍ മോണ്ടെസ് ചുവപ്പ് കാര്‍ഡ് കണ്ടെങ്കിലും, രണ്ട് ഗോളിന്റെ ലീഡ് നിലനിര്‍ത്തി മെക്സിക്കോ തങ്ങളുടെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം നേടി.






