
തന്റെ ഇരട്ടക്കുട്ടികള്ക്കൊപ്പമുളള മനോഹരമായ ചിത്രം പങ്കുവെച്ച് ടെലിവിഷൻ താരം ദിവ്യാങ്ക ത്രിപാഠി. കുഞ്ഞുങ്ങളെ മാറോട് ചേര്‍ത്തുപിടിച്ചിരിക്കുന്ന ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്. മക്കളുടെ മുഖം സൂര്യകാന്തി പൂവിന്റെ ഇമോജി കൊണ്ട് മറച്ചിട്ടുണ്ട്. "എന്നെ തിരഞ്ഞെടുത്തതിന് നന്ദി" എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ മെയ് മാസത്തിലാണ് ദിവ്യാങ്കയ്ക്കും ഭര്‍ത്താവും നടനുമായ വിവേക് ദഹിയയ്ക്കും ഇരട്ട ആണ്‍കുട്ടികള്‍ ജനിച്ചത്. താരങ്ങള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ സന്തോഷ വാര്‍ത്ത ലോകത്തെ അറിയിച്ചത്.
'ഞങ്ങള്‍ ചോദിച്ചത് ഒരു സന്തോഷമായിരുന്നു, എന്നാല്‍ ദൈവം തന്നത് ഇരട്ടി മധുരം! ഇരട്ട ആണ്‍കുട്ടികളാല്‍ അനുഗ്രഹിക്കപ്പെട്ടു,' എന്നായിരുന്നു അന്ന് ഇരുവരും സംയുക്തമായി പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചത്.
'കാത്തിരിപ്പ് ഒടുവില്‍ അവസാനിച്ചു... 'ആണ്‍കുട്ടികള്‍' എത്തിക്കഴിഞ്ഞു. ഞങ്ങള്‍ വിചാരിച്ചതിലും മനോഹരമാണ് ഇപ്പോള്‍ ജീവിതം. മേരെ കരണ്‍ അര്ജുന് ആ ഗയേ! ദിവ്യാങ്കയും ഞാനും മാതാപിതാക്കള്‍ എന്ന നിലയിലുള്ള ഈ അത്ഭുതകരമായ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമ്പോള്‍ നിങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹങ്ങളും ഉണ്ടാകണം,' എന്നായിരുന്നു വിവേക് കുറിച്ച വാക്കുകൾ.
'യേ ഹേ മൊഹബ്ബത്തീന്' എന്ന പ്രശസ്തമായ ടെലിവിഷന്‍ പരമ്പരയുടെ സെറ്റില്‍ വെച്ചാണ് ദിവ്യാങ്കയും വിവേകും പ്രണയത്തിലാകുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2016 ജൂലൈയിലാണ് ഭോപ്പാലില്‍ വെച്ച് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ താരദമ്പതികള്‍ക്ക് കുഞ്ഞുങ്ങൾ ജനിക്കുന്നത്.






