
ഏറെ ആരാധകരുള്ള ടെലിവിഷന്‍ പരമ്പരകളില്‍ ഒന്നായ എം 80 മൂസയിൽ ടൈറ്റില്‍ റോളില്‍ എത്തിയ താരമാണ് വിനോദ് കോവൂർ. അതിലെ മൂസക്കായി എന്ന കഥാപാത്രം വിനോദിന് ഏറെ ആരാധകരെ നേടിക്കൊടുത്തു. സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുന്ന താരമാണ് വിനോദ്.
ഇപ്പോഴിതാ വലിയൊരു അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനുഭവം പങ്കുവയ്ക്കുകയാണ് വിനോദ് കോവൂര്‍. ഫ്ലാറ്റിലെ കോണ്‍ഗ്രീറ്റ് വാട്ടല്‍ ടാങ്കിലേക്ക് വീണ് വാരിയെല്ലിന് നല്ല ചതവ് പറ്റിയെന്നും വാട്ടർ ടാങ്കിന്റെ അടപ്പ് അടച്ചിട്ടുണ്ടായിരുന്നില്ലെന്നും അതാണ് അപകടത്തിന് ഇടയാക്കിയതെന്നും താരം കുറിക്കുന്നു.
‘‘വലിയ ഒരു ദുരന്തത്തിൽ നിന്നും ഇന്നലെ രാത്രി തലനാരിഴക്ക് രക്ഷപ്പെട്ടു. മറിമായം ഷൂട്ട് കഴിഞ്ഞ് ഫ്ലാറ്റിൽ എത്തിയത് 10.30 ന് വേസ്റ്റ് കളയാനായ് താഴത്തെ കാർ പാർക്കിംഗ് ഏരിയയിലേക്ക് പപ്പി സിയയുമായ് ഇറങ്ങിയതാ. വേസ്റ്റ് കളഞ്ഞ ബക്കറ്റ് പൈപ്പിൽ കഴുകാനായ് നടന്നപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ കോൺഗ്രീറ്റ് വാട്ടർ ടാങ്കിലേക്ക് വീഴുന്നത്. സാധാരണ ടാങ്കിന്റെ മുകളിലൂടെ നടക്കാറുള്ളതാ. പക്ഷെ ഇന്നലെ ടാങ്കിന്റെ ഇരുമ്പിന്റെ അടപ്പ് ശരിയായ് അടക്കാത്തത് കൊണ്ടാവാം മൂടി തുറന്ന് ഞാൻ താഴോട്ട് വീണത്.
വീഴ്ച്ചയിൽ ടാങ്കിന്റെ വായു വട്ടത്തിന്റെ അരികിൽ പിടിക്കാൻ സാധിച്ചത് കൊണ്ട് ഞാൻ ആഴമുള്ള ടാങ്കിലേക്ക് തൂങ്ങിക്കിടന്നു.
വീഴ്ച്ചയിൽ എന്റെ ശരീരം എവിടെയോ നന്നായ് അടിച്ചതിന്റെ വേദന നന്നായ് അനുഭപ്പെട്ടു. ടാങ്കിൽ നിന്നും പൊങ്ങി രക്ഷപ്പെടാൻ രണ്ട് തവണ ശ്രമിച്ചു പരാജയപ്പെട്ടു. ഉറക്കെ ശബ്ദം ഉണ്ടാക്കി ആരും കേട്ടില്ല. പപ്പി സിയ മോൾ ടാങ്കിന് ചുറ്റും പരിഭ്രാന്തിയോടെ ഓടി നടന്നു. പിന്നീട് നടത്തിയ ശ്രമത്തിൽ ഞാൻ പുറത്തേക്ക് എത്തി. എഴുന്നേറ്റ് നടക്കാൻ തുടങ്ങിയപ്പോൾ ഇടുപ്പിന്റെ മുകളിലായ് വല്ലാത്ത വേദന അനുഭവപ്പെട്ടു. ശ്വാസം എടുക്കുമ്പോൾ വാരിയുടെ ഭാഗത്ത് നല്ല വേദന തോന്നി, ഉറക്കെ ദേവൂനെ വിളിച്ചു.
അവൾ വന്നു സെക്യൂരിറ്റി വന്ന് ഫ്ലാറ്റിലെ രാജേഷട്ടനും വന്നു ഉടനെ തൊട്ടടുത്തുള്ള നോർത്തിലെ സ്പെഷാലിറ്റി ഹോസ്പ്പിറ്റലിൽ എത്തിച്ചു വേദന കൊണ്ട് എനിക്ക് ഒന്നും പറയാൻ സാധിച്ചില്ല. ഒരു ഇൻഞ്ചക്ഷൻ തന്ന ശേഷം എക്സറേ എടുത്തു. എവിടേയും പൊട്ടൽ ഇല്ല എന്ന് ഡോക്ടർ പറഞ്ഞു അടിയേറ്റത് വാരിയെല്ലിനായിരുന്നു. വാരിയെല്ലിൽ നല്ല ചതവുണ്ട് അതു കൊണ്ടാണ് ഇത്രയും വേദന എന്നും ഡോക്ടർ പറഞ്ഞു.
മരുന്ന് തന്നു റെസ്റ്റ് എടുക്കാൻ പറഞ്ഞു 48 മണിക്കൂർ കഴിഞ്ഞിട്ടും വേദന നില്ക്കുന്നി ല്ലെങ്കിൽ സി.ടി സ്കാൻ ചെയ്യാന്നും പറഞ്ഞ് 2 മണിയോടെ ഹോസ്പ്പിറ്റലിൽ നിന്നിറങ്ങി. അപ്പൊഴേക്കും ആത്മ മിത്രം അമലും അളിയൻ സന്ദീപും സഹായത്തിനെത്തി. തിരിച്ച് വീട്ടിൽ വന്ന ശേഷം അവർ ഞാൻ വീണ ടാങ്ക് പോയ് കണ്ടു. സത്യത്തിൽ ടാങ്കിൽ നിറയെ വെളളമുണ്ടായിരുന്നെങ്കിലും പിടിത്തം കിട്ടാതെ താഴെ വീണിരുന്നെങ്കിലും ത എനിക്ക് വലിയ അപായം സംഭവിക്കുമായിരുന്നു.
ഹോസ്പ്പിറ്റലിൽ നിന്ന് ഡോക്ടറും പറഞ്ഞു നട്ടെല്ലിനോ തലയ്ക്കോ പരിക്ക് ഏല്ക്കാതിരുന്നത് ഭാഗ്യമായെന്ന്. ഭാഗ്യം ആയുസ് നീട്ടി കിട്ടി. വാരിയെല്ലിന് പരിക്കേറ്റാൽ ശ്വാസകോശത്തെ അത് ബാധിക്കും. അതുകൊണ്ടാണ് ദീർഘശ്വാസം എടുക്കുമ്പോൾ പോലും വേദന അനുഭവപ്പെടുന്നത്. ഇപ്പോൾ ഫ്ലാറ്റിൽ വേദനയോടെ വിശ്രമത്തിലാണ്. മറിമായം ഷൂട്ട് തുടങ്ങിയതേയുള്ളു വീഴ്ച്ചയും പരിക്കും കാരണം ബാക്കി എപ്പിസോഡുകളുടെ ഭാഗമാക്കാൻ പറ്റില്ല എന്ന വിഷമം. 48 മണിക്കൂർ ആവാൻ കാത്തിരിക്കുന്നു. വേദനയും പ്രയാസങ്ങൾ മാറി കിട്ടുമായിരിക്കും. പ്രിയപ്പെട്ടവരുടെ പ്രാർത്ഥന ഉണ്ടാവണേ...’’ എന്നാണ് വിനോദ് കോവൂർ കുറിച്ചിരിക്കുന്നത്. കുറിപ്പിന് താഴെ നിരവധി പേർ പ്രാർത്ഥനകളും സ്നേഹവും കുറിക്കുന്നുണ്ട്.






