
തൊപ്പിയെന്ന യൂട്യൂബര്‍ നിഹാദ് തനിക്കും തന്റെ സുഹൃത്തുക്കള്‍ക്കും നേരെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ പങ്കുവെക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി ഗായകന് ഹനാന് ഷാ. യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യിച്ച ലൈവ് വീഡിയോയിലെ ഭാഗങ്ങള്‍ പങ്കുവെച്ചാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും ഹനാന് ഷാ വ്യക്തമാക്കി. കുടുംബത്തെയും സ്ത്രീകളെയും അപകീര്‍ത്തിപ്പെടുത്തുന്നതുമായ പരാമര്‍ശങ്ങളാണ് ഇവര്‍ നടത്തിയതെന്നും ഇതിന്റെ ക്ലിപ്പുകളോ മറ്റോ വീണ്ടും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഹനാന് ഷാ പറഞ്ഞു
'ഇന്നലെ എന്നെയും എന്റെ കൂട്ടുകാരെയും കുടുംബത്തെയും ലക്ഷ്യമാക്കി ഒരു യൂട്യൂബ് ലൈവില്‍ ഉപദ്രവം, അധിക്ഷേപം, സ്ത്രീകള്‍ക്ക് നേരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വിഡിയോ യുട്യൂബില്‍ നിന്ന് ഞങ്ങള്‍ നല്കിയ കോപ്പി റൈറ്റ് സ്ട്രൈക്കിനാല്‍ നീക്കം ചെയ്യപ്പെട്ടു.
ഇപ്പോള്‍ അതേ ലൈവിലെ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന റീല്‍സ്, ഷോര്‍ട്സ്, ക്ലിപ്സ്, റീ പോസ്റ്റ് ഇതിനെ സംബന്ധിച്ചുള്ള റിയാക്ഷന് തുടങ്ങിയവ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വീണ്ടും പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം കണ്ടന്റ് സൃഷ്ടിക്കുകയോ പങ്കുവയ്ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് കോപ്പ് റൈറ്റ് സ്ട്രൈക്ക്,
അക്കൗണ്ട് ടേക്ക്ഡൗണ്‍, പ്ലാറ്റ്ഫോം ആക്ഷന്‍ എന്നിവയ്ക്കൊപ്പം അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍, സൈബര്‍ ഉപദ്രവം, വ്യക്തിഹത്യ, സ്വകാര്യത ലംഘനം എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിലേയും ബാധകമായ വകുപ്പുകള്‍ പ്രകാരമുള്ള നിയമനടപടികള്‍ നേരിടേണ്ടി വരാം. നിങ്ങള്‍ ഇത്തരത്തിലുള്ള വിഡിയോസ് പങ്കുവച്ചിട്ടുണ്ടെങ്കില്‍ ദയവായി അത് നീക്കം ചെയ്യുക, നന്ദി'.- ഹനാന് ഷാ കുറിച്ചു.







