
ബിഷപ്പ് നോബിള്‍ ഫിലിപ്പും സോഷ്യല്‍ മീഡിയ താരം രേണു സുധിയും തമ്മിലുളള പ്രശ്നങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായതാണ്. താന്‍ ഇഷ്ടദാനം നല്കിയ വസ്തു തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് നോബിള്‍ ഫിലിപ്പ് നോട്ടീസ് അയച്ചതും വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ബിഷപ്പിനൊപ്പമുളള ചിത്രം പങ്കുവച്ചിരിക്കുകയാണ് രേണു സുധി. ഒപ്പം താന്‍ കാരണം ബിഷപ്പിന് ഉണ്ടായ വിഷമങ്ങള്‍ക്ക് രേണു സുധി മാപ്പ് പറയുന്നുമുണ്ട്.
'ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍.. സുധിലയത്തില്‍ ഇന്ന് വന്നപ്പോള്‍..അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന എനിക്ക് അനുഗ്രഹം ആണ്. നന്ദി തിരുമേനി. എന്റെ ഭാഗത്ത് നിന്നും അങ്ങേയ്ക്ക് ഉണ്ടായ വിഷമത്തിന് മാപ്പ്', എന്നാണ് രേണു കുറിച്ചത്. പിന്നാലെ മറുപടിയുമായി ബിഷപ്പും എത്തി. പ്രിയപ്പെട്ട സഹോദരി രേണുവിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ എന്നും നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുമെന്നും ആണ് ബിഷപ്പിന്റെ വാക്കുകള്‍. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ രേണുവിനെ പിന്തുണച്ച് എത്തുന്നത്.
അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു സുധി. സുധിയുടെ മരണശേഷമാണ് രേണുവും കുടുംബവും മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതരായി മാറിയത്. സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് രേണു സുധി. ഒപ്പം ആല്‍ബങ്ങളിലും ഷോര്‍ട്ട് ഫിലിമിലുമൊക്കെ സജീവമാണ് താരം.






