
ബിജെപി കൗൺസിലർ ആർ. സുഗതനെ ബിജെപി പൂർണമായി പിന്തുണയ്ക്കുന്നുവെന്നും അതിൽ യാതൊരു സംശയവും വേണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സുഗതനെ സംരക്ഷിക്കാൻ പാർട്ടിയുണ്ടാവുമെന്നും അദ്ദേഹത്തെ പാർട്ടി വിട്ടുകൊടുക്കില്ലെന്നും നിയമപരമായ സംരക്ഷണം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും അതിൽ എസ്.എച്ച്.ഒയ്ക്കും ആഭ്യന്തര മന്ത്രിക്കും സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. വണ്ടി തല്ലിപ്പൊളിക്കുന്ന രീതിയല്ല ബിജെപിയുടേതെന്നും ഇ.ഡി. എത്തുമ്പോൾ സിപിഎം വാഹനങ്ങൾ തല്ലിപ്പൊളിക്കാറുണ്ടെന്നും അത് സിപിഎമ്മിന്റെ രീതിയാണെന്നും അദ്ദേഹം വിമർശിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദിയെ കോൺഗ്രസ് ആക്രമിച്ചിരുന്നുവെന്നും അത് കോൺഗ്രസിന്റെ രീതിയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷം ഇടതുപക്ഷം കേരളം ഭരിച്ച് സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ തകർത്തുവെന്നും കോൺഗ്രസ് ഭരിച്ചപ്പോഴും സാമ്പത്തിക സ്ഥിതി മെച്ചമായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോൾ കോൺഗ്രസ് കേരളം ഭരിക്കുമ്പോഴും സാമ്പത്തിക സ്ഥിതി മോശമാണെന്നും എന്നിട്ടും വാഗ്ദാനങ്ങൾ മാത്രം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സ്ഥിതി അറിഞ്ഞിട്ടും കെഎസ്ആർടിസിയിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്തിരിക്കുകയാണെന്നും യു.ഡി.എഫിനെ അദ്ദേഹം വിമർശിച്ചു.






