
ഭുവനേശ്വർ: രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് ഒഡീഷ സർക്കാർ. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലും കോളേജുകളിലും സർവ്വകലാശാലകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇനി മുതൽ പൂർണ്ണമായും സൗജന്യമായി പഠിക്കാം. കെ.ജി മുതൽ പി.ജി വരെയുള്ള വിദ്യാഭ്യാസത്തിന് ഇനി യാതൊരുവിധ ഫീസും നൽകേണ്ടതില്ലെന്ന് ഒഡീഷ സർക്കാർ പ്രഖ്യാപിച്ചു. ഇതോടെ, വിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി ഒഡീഷ മാറി.
മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരത്തിലേറി രണ്ട് വർഷം തികയുന്ന വേളയിലാണ് ഈ പ്രഖ്യാപനം. സംസ്ഥാനത്തെ എല്ലാ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഫീസ് പൂർണ്ണമായി ഒഴിവാക്കി. പത്ത് ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ഇതിന്റെ ഗുണം ലഭിക്കും. സാമ്പത്തിക പ്രതിസന്ധികൾ കാരണം ആർക്കും വിദ്യാഭ്യാസം മുടങ്ങരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പെൺകുട്ടികൾക്കും പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികൾക്കും ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കാൻ ഇത് സഹായിക്കും.
തീരുമാനം സംസ്ഥാനത്തെ യുവാക്കളുടെ അടിത്തറ ശക്തിപ്പെടുത്തുകയും ദീർഘകാല വികസനത്തിന് വഴിതുറക്കുകയും ചെയ്യും. വരും ദിവസങ്ങളിൽ ഒഡീഷയെ കിഴക്കൻ ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ തലസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി, പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്കായി സംസ്ഥാനത്ത് നാല് പുതിയ സർവ്വകലാശാലകൾ സ്ഥാപിക്കും. കൂടാതെ, ഗ്രാമീണ മേഖലകളിൽ ഇതിനകം തന്നെ 18 പുതിയ സർക്കാർ കോളേജുകൾ ആരംഭിച്ചിട്ടുണ്ട്.
മാതാപിതാക്കൾ നഷ്ടപ്പെട്ട അനാഥരായ കുട്ടികൾക്ക് ട്യൂഷൻ ഫീസ്, ഹോസ്റ്റൽ താമസം, ഭക്ഷണം എന്നിവ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമാക്കുന്ന 'ഗ്രീൻ പാസേജ് സ്കീം' നേരത്തെ തന്നെ ഒഡീഷയിൽ വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും കരുത്താകുന്ന പുതിയ പ്രഖ്യാപനം എത്തിയിരിക്കുന്നത്. നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോകാൻ സൗജന്യ ബസ് യാത്ര അനുവദിക്കാനും തീരുമാനമുണ്ട്.






