
ധരംശാല: അഫ്ഗാനിസ്ഥാനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. മഴ മൂലം മത്സരം 25 ഓവര്‍ വീതമാക്കി ചുരുക്കി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് 194 റണ്ണിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ കളി തീരാന്‍ 13 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.
നായകന് ശുഭ്മന്‍ ഗില്ലും (66 പന്തില്‍ രണ്ട് സിക്സറും 11 ഫോറുമടക്കം 84) ലോകേഷ് രാഹുലും (19 പന്തില്‍ മൂന്ന് സിക്സറും നാല് ഫോറുമടക്കം 39) ചേര്‍ന്നാണു വിജയ റണ്ണെടുത്തത്.
ഇന്ത്യക്കായി ഏകദിനത്തില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡ് മുന്‍ നായകന് രോഹിത് ശര്‍മ സ്വന്തമാക്കി. അഫ്ഗാനിസ്ഥാനെതിരേ കളിക്കാനിറങ്ങിയതോടെയാണു ഹിറ്റ്മാന് റെക്കോഡിട്ടത്. 39 വര്‍ഷവും 44 ദിവസവും പ്രായമുള്ളപ്പോഴാണു രോഹിത് ഒന്നാം ഏകദിനത്തിനിറങ്ങിയത്. മൊഹീന്ദര്‍ അമര്‍നാഥിന്റെ റെക്കോഡാണു രോഹിത് തിരുത്തിയത്. അമര്‍നാഥ് 39 വര്‍ഷവും 36 ദിവസവും പ്രായമുള്ളപ്പോഴാണു റെക്കോഡ് കുറിച്ചത്. ഏകദിനത്തില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം നെതര്‍ലന്‍ഡ്സിന്റെ നോളാന് ക്ലാര്‍ക്കാണ്. 47 വര്‍ഷവും 257 ദിവസവും പ്രായമുള്ളപ്പോഴാണ് നോളാന് റെക്കോഡിന് ഉടമയായത്. ഇന്ത്യയുടെ ഹര്‍ഷ് ദുബെയും ഗുര്‍നൂര്‍ ബ്രാറും ഇന്നലെ അരങ്ങേറി. ടോസ് നേടിയ ഇന്ത്യന്‍ നായകന് ശുഭ്മന്‍ ഗില്‍ അഫ്ഗാനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു.
മഴ മൂലം മത്സരം 25 ഓവര്‍ വീതമാക്കി ചുരുക്കിയിരുന്നു. ഇബ്രാഹിം സാദ്രാനെ (ഒന്ന്) ഗില്ലിന്റെ കൈയിലെത്തിച്ച് ഗുര്‍നൂര്‍ ആദ്യ വിക്കറ്റും സ്വന്തമാക്കി. സെദീഖുള്ള അടല്‍ (0), റഹ്മത് ഷാ (മൂന്ന്) എന്നിവരെ പുറത്താക്കി അര്‍ഷദീപ് സിങ് അഫ്ഗാനെ സമ്മര്‍ദത്തിലാക്കി. ഓപ്പണര്‍ റഹ്മത്തുള്ള ഗുര്‍ബാസ് (51 പന്തില്‍ എട്ട് സിക്സറും എട്ട് ഫോറുമടക്കം 102) സെഞ്ചുറിയുമായി തിളങ്ങിയത് അഫ്ഗാനെ മികച്ച നിലയിലെത്തിച്ചു. നായകന് ഹസ്മത്തുള്ള ഷാഹിദി (27), അസ്മത്തുള്ള ഒമര്‍സായ് (16 പന്തില്‍ മൂന്ന് സിക്സറടക്കം 26) എന്നിവര്‍ മാത്രമാണു ഗുര്‍ബാസിനു പിന്തുണ നല്‍കിയത്.
ഇന്ത്യക്കായി ഗുര്‍നൂര്‍ ബ്രാറും ഹര്‍ഷ് ദുബെയും മൂന്ന് വിക്കറ്റ് വീതമെടുത്തു. അര്‍ഷദീപ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവുമെടുത്തു.




