
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം വിമാനം അസാധാരണമായി താഴ്ന്നുപറന്നതിനെ തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. ഒക്കല്‍ ശാന്തിനഗര്‍ സ്വദേശി കാട്ടുപ്പറമ്പില്‍ സൈമണ്‍ കെ.ജെ.യുടെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. രാവിലെ 8.30-ഓടെയായിരുന്നു സംഭവം. വിമാനം കടന്നുപോയപ്പോഴുണ്ടായ ശക്തമായ വായുസമ്മര്‍ദ്ദത്തിലും കാറ്റിലും നൂറിലധികം ഓടുകള്‍ ഇളകി താഴേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന സൈമണിന്റെ തോളിന് ഓട് വീണ് പരിക്കേറ്റു. ഇദ്ദേഹത്തിന്റെ ഭാര്യയും ഈ സമയം വീട്ടിലുണ്ടായിരുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനായി എത്തിയ വിമാനം ഒക്കല്‍ പ്രദേശത്തിന് മുകളിലൂടെ അതിശക്തമായ പ്രകമ്പനത്തോടെയാണ് കടന്നുപോയതെന്ന് നാട്ടുകാര്‍ പറയുന്നു. വലിയ ശബ്ദത്തോടൊപ്പം പ്രദേശം കുലുങ്ങുന്നത് പോലെയാണ് അനുഭവപ്പെട്ടത്. വിമാനം പോയതിന് തൊട്ടുപിന്നാലെ സൈമണിന്റെ വീടിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ കൂട്ടത്തോടെ താഴേക്ക് പതിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
ഈ പ്രദേശത്ത് വിമാനങ്ങള്‍ ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ താഴ്ന്നുപറക്കുന്നത് ഇതാദ്യമല്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. രണ്ട് വര്‍ഷം മുന്‍പും സൈമണിന്റെ വീടിന് മുകളിലൂടെ വിമാനം താഴ്ന്നുപറന്ന് നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ മാസവും സമാനമായ രീതിയില്‍ വിമാനം താഴ്ന്നുപറന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റണ്‍വേയ്ക്ക് സമീപമുള്ള ജനവാസ മേഖലകളില്‍ നിരന്തരം ആവര്‍ത്തിക്കുന്ന ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.






