
ആഷിക്ക് ഉസ്മാൻ പ്രൊഡയ്‌ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്‌മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തൊണ്ണൂറു ദിവസത്തോളം പൂർത്തിയാക്കി തൊടുപുഴയിൽ പുരോഗമിക്കുന്നു. കൊച്ചിയിലും രണ്ടാഴ്ച്ചയോളം നീണ്ടുനിന്ന ചിത്രീകരണം ഈ ചിത്രത്തിനുണ്ടായിരുന്നു.
ജൂൺ ഇരുപതോടെ ഈ ഷെഡ്യൂൾ പൂർത്തിയാക്കുന്ന ചിത്രം പിന്നീട് ജൂലൈ പകുതിയോടെ പുനരാരംഭിക്കും.. ജൂൺ അവസാന വാരത്തിൽ മോഹൻലാൽ യൂറോപ്യൻ പര്യടനം ആരംഭിക്കുന്നതു കൊണ്ടാണ് ഇപ്പോൾ ഷെഡൂൾ പൂർത്തിയാക്കുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.
ജൂലൈ പകുതിയിൽ മോഹൻലാൽ മടങ്ങിയെത്തുന്നതോടെ ചിത്രത്തിൻ്റെ അവസാന ഘട്ട ചിത്രീകരണം ആരംഭിക്കും. തൊടുപുഴ, കൊച്ചി, ശബരിമല, ഹൈദ്രബാദ്,മുംബൈ എന്നിവിടങ്ങളി ലായാണ് അവസാന ഘട്ട ചിത്രീകരണം പൂർത്തിയാകുന്നത്. നൂറ്റിഇരുപതു ദിവസത്തോളം നിശ്ചയിച്ച ചിത്രീകരണത്തിൻ്റെ മേജർ പോർഷനുകളും പൂർത്തിയായി കഴിഞ്ഞിരിക്കുന്നു .
ലൗലജൻ എന്ന സാധാരണക്കാരനായ ഒരു പൊലീസ് സബ്ബ് ഇൻസ്പക്ടറുടെ ഔദ്യോഗിക ജീവിതത്തിലും, വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.നായികയായി എത്തുന്നത് മീരാ ജാസ്മിനാണ്. വലിയൊരു സംഘം അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ ആകർഷമാക്കുന്നു.






