
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് സമാന്ത റൂത്ത് പ്രഭു. തന്റെ അഭിനയ മികവുകൊണ്ടും വ്യക്തിത്വം കൊണ്ടും പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിട്ടുമാണ് സമാന്ത പ്രേക്ഷകരുടെ ഹൃദയം നേടിയെടുത്തത്. വ്യക്തിപരമായും ആരോഗ്യപരമായും തന്നെ കീഴ്പ്പെടുത്താനെത്തിയ തടസ്സങ്ങളെ നേരിട്ട സാമന്ത കരിയറിലും വ്യക്തിജീവിതത്തിലുമിപ്പോള്‍ തിളങ്ങി നില്‍ക്കുകയാണ്.
സംവിധായകനായ രാജ് നിദിമോരുവിനെ ഈയടുത്ത് സമാന്ത വിവാഹം ചെയ്തിരുന്നു. താരം അഭിനയിച്ച രണ്ട് വെബ് സീരീസുകളുടെ സംവിധായകനായിരുന്നു രാജ്. ആ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്ക് എത്തിച്ചത്.
ഇപ്പോഴിതാ താനും രാജും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് പറയുകയാണ് സമാന്ത റൂത്ത് പ്രഭു. സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പോസ്റ്റ് ചെയ്യുന്നത് പോലുള്ള തന്റെ ചെറിയ തീരുമാനങ്ങളിൽ പോലും ഭർത്താവിന്റെ സ്വാധീനമുണ്ടെന്നും എല്ലാത്തിലും ഒരു സംയുക്ത തീരുമാനമുണ്ടാകാറുണ്ടെന്നും സമാന്ത പറഞ്ഞു. പാചക വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ ഒരു സ്ത്രീയെ സമൂഹം എങ്ങനെ വിലയിരുത്തുന്നുവെന്നും അതവരെ വിലയില്ലാത്തവരായി തോന്നിപ്പിക്കാറുണ്ടെന്നും സമാന്ത പറഞ്ഞു.
വീട്ടിൽ ഒരു കഥാകാരൻ ഉണ്ടായിരിക്കുന്നത് താരത്തെ പ്രൊഫഷണലായി സഹായിച്ചോ എന്ന ചോദ്യത്തിനാണ് സാമന്ത തന്റെ വ്യക്തിപരവും പ്രൊഫഷണൽ ജീവിതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മറുപടി പറഞ്ഞു.
‘‘രാജ് രണ്ടിലും ഇടപെടാറുണ്ട്. എന്റെ വ്യക്തിജീവിതം വേറിട്ടതാണ്, എന്റെ പ്രൊഫഷണൽ ജീവിതം വേറിട്ടതാണ്. പക്ഷേ എല്ലാത്തിലും സംയുക്ത തീരുമാനമാണ് എടുക്കുന്നത്. അതിപ്പോള്‍ ചെറിയ ഒരു കാര്യമാണെങ്കില്‍ കൂടി. ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് പോലെ ലളിതമായ ഒന്നാണെങ്കില്‍ കൂടി. പക്ഷേ അദ്ദേഹത്തിന് കാര്യങ്ങളെക്കുറിച്ച് യഥാർത്ഥ കാഴ്ചപ്പാടുള്ളതിനാൽ ഞാൻ ഇപ്പോഴും അദ്ദേഹത്തോട് അഭിപ്രായം ചോദിക്കാറുണ്ട്. ഈ വ്യവസായത്തിൽ ജോലി ചെയ്തിട്ടും അദ്ദേഹം സ്ഥിരത പുലർത്താറുണ്ട്.
ഈ വ്യവസായം ചിലപ്പോള്‍ അകറ്റി നിര്‍ത്തുകയും ചിലപ്പോഴൊക്കെ ഒരു കുമിളയിലാക്കുകയും ചെയ്യാറുണ്ട്. അതുകൊണ്ട് ഞാൻ അദ്ദേഹത്തോടൊപ്പം എടുക്കുന്ന ഓരോ തീരുമാനവും പിന്തുടർന്ന് നടപ്പിലാക്കാൻ ഇഷ്ടപ്പെടുന്നു. 99 ശതമാനം സമയവും ഭർത്താവ് രാജിനെ കേൾക്കാറുണ്ട്...’’ സമാന്ത പറഞ്ഞു. തന്റെ പുതിയ ചിത്രമായ മാ ഇൻതി ബംഗാരത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ ഗലാട്ട പ്ലസിനോടാണ് സമാന്ത മനസ്സ് തുറന്നു സംസാരിച്ചത്. സാമന്തയുടെ ഭർത്താവ് രാജ് നിദിമോരു നിർമിക്കുന്നതാണ് ഈ ചിത്രം. ബി.വി. നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന ഈ ചിത്രം ജൂണ്‍ 19 നാണ് റിലീസ് ചെയ്യുന്നത്. ദി ഫാമിലി മാൻ, സിറ്റാഡൽ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് രാജ് നിദിമോരു. 2021 ൽ ദി ഫാമിലി മാൻ സീസൺ 2 ന്റെ ചിത്രീകരണത്തിനിടെ ആണ് രാജ് ആദ്യമായി സാമന്തയോടൊപ്പം പ്രവർത്തിച്ചത്. 2025 ഡിസംബറിൽ ഇവര്‍ വിവാഹിതരായി.
ഈ സിനിമയ്ക്ക് പിന്നിലും രാജിന്റെ വലിയൊരു പിന്തുണയുണ്ടായിരുന്നെന്നും തിരശ്ശീലയ്ക്ക് പിന്നിൽ ആഴത്തിൽ ഇടപെട്ടിട്ടുണ്ടെന്ന് സാമന്ത പങ്കുവെച്ചു. അസാധ്യമായ ഒരു ഗാർഹിക ആദർശത്തിന് അനുസൃതമായി ജീവിച്ചുകൊണ്ട് തന്റെ ഭർതൃവീട്ടുകാരുടെ ഹൃദയം കീഴടക്കാൻ ശ്രമിക്കുന്ന ഒരു സ്ത്രീയെ കേന്ദ്രീകരിച്ചാണിതെന്നാണ് സമാന്ത പറയുന്നത്. 1980 കളിലാണ് സിനിമ നടക്കുന്നതെങ്കിലും, ഒരു തികഞ്ഞ വീട്ടമ്മ, മികച്ച പാചകക്കാരി, മികച്ച ഗായിക, കുടുംബത്തെ ഒന്നിച്ചു നിർത്തുന്ന ഒരാൾ എന്നിവയാകാനുള്ള സമ്മർദ്ദം ഇന്നും പ്രസക്തമാണോ എന്നുള്ള ചോദ്യത്തിന് ഈ സിനിമ അതിനുള്ള മറുപടിയാണെന്നാണ് താരം പറഞ്ഞത്.
‘‘ആ ചെക്ക്‌ലിസ്റ്റിൽ പോലും, ഞാൻ ആ ബോക്സുകളിൽ ഭൂരിഭാഗവും ടിക്ക് ചെയ്യുന്നതായി എനിക്ക് തോന്നുന്നില്ല. എനിക്ക് പാചകം ചെയ്യാൻ അറിയില്ല. എനിക്ക് പാടാൻ അറിയില്ല. അപ്പോൾ നമ്മളെപ്പോലുള്ളവർക്ക് എന്ത് സംഭവിക്കും? ഒരു വീട്ടിൽ ‘ബംഗാരം’ ആകാൻ നമുക്ക് അർഹതയില്ലേ?...’’ സമാന്ത ചോദിച്ചു. സ്വർണ്ണം എന്നർത്ഥമുള്ള ‘ബംഗാരം’ എന്ന വാക്ക് തെലുങ്ക് വീടുകളിൽ പ്രിയപ്പെട്ട മകളെയോ മരുമകളെയോ സൂചിപ്പിക്കുന്ന ഒരു വാത്സല്യ പദമായി ഉപയോഗിക്കുന്നു, അതാണ് സിനിമയുടെ പേരിന്റെ അടിസ്ഥാനം. ഓരോ സ്ത്രീക്കും വ്യത്യസ്തമായ എന്തെങ്കിലും വാഗ്ദാനം ചെയ്യാനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്. ഒരു കുടുംബം സമൂഹം പറയുന്നതുപോലെയല്ല, മറിച്ച് നിങ്ങൾ ആരാണെന്ന് അംഗീകരിക്കുന്നതായിരിക്കണം...’’ സമാന്ത പറഞ്ഞു.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സമാന്തയുടേതായി തിയേറ്ററിലേക്ക് എത്തുന്ന സിനിമയാണ് മാ ഇന്‍ടി ബംഗാരം. 2023 ല്‍ ശാകുന്തളം എന്ന ചിത്രമാണ് അവസാനമായി സമാന്തയുടേതായി റിലീസ് ചെയ്തത്. 2024 ല്‍ വരുണ്‍ ധവാനൊപ്പം ചെയ്ത സിറ്റാഡില്‍ ഹണി ബണ്ണി എന്ന വെബ് സീരീസ് പുറത്തിറങ്ങിയിരുന്നു. അതിന് സേഷം 2025 ല്‍ ശുഭം എന്ന ചിത്രം പ്രൊഡ്യൂസ് ചെയ്ത സമാന്ത അതിലൊരു ചെറിയ റോള്‍ മാത്രം ചെയ്തു. ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.






