
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രമാണ് ദൃശ്യം 3. ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയ ചിത്രം ഇപ്പോള്‍ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ഇന്ന് മുതല്‍ ആണ് സിനിമ എത്തിയത്. മലയാളം പതിപ്പിനൊപ്പം സിനിമയുടെ മറ്റു ഡബ്ബ് വേര്‍ഷനുകളും ഇന്ന് ഒടിടിയിലൂടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് ഡബ്ബ് പതിപ്പിന്റെ ഒടിടി റിലീസ് തടഞ്ഞിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി.
നിര്‍മാണക്കമ്പനിയായ രാജ്കുമാര്‍ തിയേറ്റര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ. കുമരേഷ് ബാബുവിന്റെ ബെഞ്ച് റിലീസ് തടഞ്ഞത്. വെങ്കടേഷ് നായകനായ ' ദൃശ്യം' ഒന്നും രണ്ടുംഭാഗം റീമേക്കുകളുടെ നിര്‍മാണ പങ്കാളികളാണ് രാജ്കുമാര്‍ തിയേറ്റര്‍. തെലുങ്ക് റീമേക്ക് അവകാശം തങ്ങള്‍ക്കാണെന്ന് ചൂണ്ടിക്കാണിച്ചാണ് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചത്. ഡബ് ചെയ്ത പതിപ്പ് ഒടിടിയിലെത്തിയാല്‍ അത് ഭാവിയിലെ റീമേക്ക് സാധ്യതകളെ ബാധിക്കുമെന്ന് അവര്‍ അവകാശപ്പെട്ടു.
നോട്ടീസ് അയച്ചിട്ടും എതിര്‍കക്ഷികളാരും കോടതിയില്‍ ഹാജരാവുകയോ പ്രതിനിധികളെ അയക്കുകയോ ചെയ്തില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ ഹര്‍ജിക്കാരുടെ പകര്‍പ്പവകാശം ലംഘിച്ചുകൊണ്ട് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം റിലീസ് ചെയ്യുന്നതില്‍നിന്ന് എതിര്‍ഷക്ഷികളെയോ അവരുടെ ജീവനക്കാരെയോ ഏജന്റുമാരെയോ ലൈസന്‍സികളെയോ തടഞ്ഞുകൊണ്ട് ഇടക്കാല സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കുന്നതായി കോടതി വ്യക്തമാക്കി.






