
ഭോപ്പാൽ: മധ്യപ്രദേശിലെ മൊറേന ജില്ലയിൽ ട്രെയിനിൽ തീപിടിത്തമുണ്ടായെന്ന വ്യാജപ്രചരണത്തെ തുടർന്ന് ട്രാക്കിലേക്ക് ചാടിയ നാല് യാത്രക്കാർ മറ്റൊരു ട്രെയിനിടിച്ച് മരിച്ചു. ഖജുരാഹോ - ഉദയ്പൂർ ഇന്റർസിറ്റി എക്സ്പ്രസിലെ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു.
ഞായറാഴ്ച വൈകിട്ട് 4.15-ഓടെ ഝാൻസി റെയിൽവേ ഡിവിഷന് കീഴിലുള്ള ഹേതംപൂർ സ്റ്റേഷന് സമീപമാണ് ദാരുണമായ സംഭവം നടന്നത്. ജനറൽ കോച്ചിലെ ഒരു യാത്രക്കാരന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചെന്നും തുടർന്ന് കോച്ചിനുള്ളിൽ തീപിടിത്തമുണ്ടായെന്നും ഉള്ള തരത്തിലാണ് ട്രെയിനിൽ വ്യാജവാർത്ത പരന്നത്. ഇതോടെ പരിഭ്രാന്തരായ യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. ട്രെയിൻ നിന്നതോടെ പ്രാണരക്ഷാർത്ഥം യാത്രക്കാർ കൂട്ടത്തോടെ പുറത്തേക്ക് ചാടുകയും തൊട്ടടുത്ത ട്രാക്കിലേക്ക് കയറി നിൽക്കുകയും ചെയ്തു. ഈ സമയം എതിർദിശയിലുള്ള ട്രാക്കിലൂടെ അതിവേഗത്തിൽ വന്ന ഫിറോസ്പൂർ - സിയോണി പാതാൽകോട്ട് എക്സ്പ്രസ് ട്രാക്കിൽ നിന്ന യാത്രക്കാരുടെ മേൽ ഇടിച്ചുകയറുകയായിരുന്നു.
റെയിൽവേ ട്രാക്കിലെ വളവ് കാരണം യാത്രക്കാർക്ക് ട്രെയിൻ വരുന്നത് പെട്ടെന്ന് കാണാൻ കഴിഞ്ഞില്ലെന്നാണ് പ്രാഥമിക വിവരം. ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഇട്ടെങ്കിലും ട്രെയിനിന്റെ അമിതവേഗത കാരണം അപകടം ഒഴിവാക്കാനായില്ല. ട്രെയിനിൽ തീപിടിത്തമൊന്നും ഉണ്ടായിരുന്നില്ലെന്ന് റെയിൽവേ അധികൃതർ പിന്നീട് സ്ഥിരീകരിച്ചു. അപകടവിവരമറിഞ്ഞ് റെയിൽവേ സംരക്ഷണ സേനയും റെയിൽവേ പോലീസും പ്രാദേശിക ഭരണകൂടവും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മരിച്ചവരെല്ലാം ഉത്തർപ്രദേശ്, രാജസ്ഥാൻ സ്വദേശികളാണ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് റെയിൽവേ ഉത്തരവിട്ടിട്ടുണ്ട്.






