
തന്റെ പ്രിയപ്പെട്ട വളർത്തുനായ ലിച്ചിയുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കി ബോളിവുഡ് നടി തൃപ്തി ദിമ്രി. കേക്കുകളും മറ്റ് പലഹാരങ്ങളും അലങ്കാരങ്ങളും നിറഞ്ഞ ജന്മദിന പാർട്ടിയിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങളും വീഡിയോകളും തൃപ്തി സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.
പിങ്ക് പാർട്ടി തൊപ്പിയും കഴുത്തിൽ ചുവന്ന ബോയും ധരിച്ച ലിച്ചിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കേക്ക് തിന്ന് മുഖമാകെ കേക്ക് പറ്റിപ്പിടിച്ചിരിക്കുന്ന ലിച്ചിയെ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.നിരവധി മറ്റ് നായക്കുട്ടികളും കുട്ടികളും പങ്കെടുത്ത പാർട്ടിയുടെ ചിത്രങ്ങളും ഇതിലുണ്ട്.
‘കൂട്ടത്തിലെ ഏറ്റവും മധുരമുള്ള ഫലത്തെ ആഘോഷിക്കാനായി മാറ്റിവെച്ച ഒരു ദിവസം. ലിച്ചി, നീ ഞങ്ങളുടെ ജീവിതത്തിലെ യഥാർത്ഥ സൂര്യകിരണവും ഈ വീടിന്റെ ഹൃദയവുമാണ്. കേക്ക് പുരണ്ട നിന്റെ മുഖവും ആഘോഷങ്ങൾക്കൊടുവിൽ തളർന്ന നിന്റെ പാദങ്ങളും കാണുമ്പോൾ, നിന്നെ സ്നേഹിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ എത്രമാത്രം ഭാഗ്യവാന്മാരാണെന്ന് ഓർത്തുപോകുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട ഗോൾഡൻ സോളിന് ജന്മദിനാശംസകൾ. നീ കൂടെയുള്ളപ്പോൾ ജീവിതം കൂടുതൽ പ്രകാശമാനമാണ്,’ തൃപ്തി കുറിച്ചു. ആഘോഷങ്ങൾ മനോഹരമാക്കാൻ സഹായിച്ച തന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും താരം കുറിപ്പിലൂടെ നന്ദി അറിയിച്ചു.
മാധുരി ദീക്ഷിത്, ധർണ്ണ ദുർഗ, രവി കിഷൻ എന്നിവർക്കൊപ്പം അഭിനയിച്ച 'മാബെഹൻ' എന്ന ഒടിടി സീരീസാണ് തൃപ്തിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ സീരീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.






