
കോഴിക്കോട്: മാങ്കാവിൽ ഗതാഗതക്കുരുക്കിനിടെ സ്വകാര്യ ബസ് ഗുഡ്‌സ് വാനിൽ മനഃപൂർവം ഇടിപ്പിച്ച സംഭവത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. മഞ്ചേരി സ്വദേശിയായ ഷിനിത്തിന്റെ ലൈസൻസാണ് സസ്‌പെൻഡ് ചെയ്തത്. കൂടാതെ അഞ്ച് ദിവസത്തെ പരിശീലന ക്ലാസിൽ പങ്കെടുക്കാനും എൻഫോഴ്‌സ്‌മെന്റ് ആർടിഒ നിർദേശിച്ചു.
കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്. തുടർന്ന് ഷിനിത്തിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.
തെറ്റായ ദിശയിലൂടെയാണ് ഗുഡ്‌സ് വാൻ എത്തിയതെന്നും അതിന്റെ ഡ്രൈവർ പ്രകോപനപരമായി പെരുമാറിയെന്നുമാണ് ഷിനിത്ത് വിശദീകരണം നൽകിയത്. അതേസമയം, അപകടവുമായി ബന്ധപ്പെട്ട കേസ് ഗുഡ്‌സ് വാൻ ഡ്രൈവറും ബസ് ഡ്രൈവറും ചേർന്ന് ഒത്തുതീർപ്പാക്കിയതായി അധികൃതർ അറിയിച്ചു.






