
തിരുവനന്തപുരം: ഓര്‍ഡിനറി ബസുകളെല്ലാം സിറ്റി ഫാസ്റ്റുകളാക്കി മാറ്റിയെന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമെന്ന് കെ.എസ്.ആര്.ടി.സി. സ്ത്രീകള്‍ക്കായുള്ള സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദര്‍ശിനി' ആരംഭിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ കെ.എസ്.ആര്.ടി.സി തള്ളി. പ്രിയദര്‍ശിനി പദ്ധതി പ്രകാരമുള്ള സൌജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രമായിരിക്കും.
സിറ്റി ഫാസ്റ്റ് സര്‍വീസുകള്‍ ഈ പദ്ധതിയുടെ പരിധിയില്‍ വരികെയില്ല. സിറ്റി ഫാസ്റ്റ് ബസുകള്‍ക്ക് പ്രത്യേക നിരക്കും പ്രത്യേക സര്‍വീസ് വിഭാഗവുമാണുള്ളത്. ഓര്‍ഡിനറി സര്‍വീസുകള്‍ പഴയതുപോലെ തന്നെ തുടരും. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ മുന്നിലും വശങ്ങളിലും 'പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര' എന്ന് വ്യക്തമായി രേഖപ്പെടുത്തിയ സ്റ്റിക്കറുകള്‍ പതിപ്പിച്ചിട്ടുണ്ട്. കെ.എസ്.ആര്.ടി.സി പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം തിരുവനന്തപുരം നഗരത്തില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ എണ്ണം താഴെ പറയുന്നതു പോലെയാണ്.
ആവശ്യത്തിന് ഓര്‍ഡിനറി ബസുകളുണ്ടെന്ന് കെ.എസ്.ആര്.ടി.സി അവകാശപ്പെടുമ്പോള്‍ തിരുവനന്തപുരം സിറ്റി ഡിപ്പോ പരിധിയില്‍ ഓര്‍ഡിനറി ബസുകള്‍ വളരെ കുറവാണെന്നാണ് പരാതി. കോര്പ്പറേഷന് നല്കിയ സ്മാര്‍ട്ട് സിറ്റി ഇലക്ട്രിക് ബസുകളില്‍ ഭൂരിഭാഗവും സിറ്റി ഫാസ്റ്റുകളാണ്. മുഖ്യമന്ത്രി വി. ഡി. സതീശന് ഉദ്ഘാടനം ചെയ്ത പ്രിയദര്‍ശിനി പദ്ധതി വഴി തിങ്കളാഴ്ച മുതലാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭ്യമായി തുടങ്ങിയത്.
പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. സൗജന്യ യാത്രയ്ക്കായി പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡോ രജിസ്ട്രേഷനോ ആവശ്യമില്ല. ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് യാത്ര പൂര്‍ണ്ണമായും സൌജന്യമായിരിക്കും. അടിസ്ഥാനരഹിതമായ ഇത്തരം വ്യാജ വാര്‍ത്തകളില്‍ പൊതുജനങ്ങള്‍ വഞ്ചിതരാകരുതെന്നും, പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും കെ.എസ്.ആര്.ടി.സി അറിയിച്ചു.






