
ന്യൂഡല്‍ഹി: ജൂണ്‍ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി 2026 പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ഇന്ത്യയില്‍ ടെലിഗ്രാം പ്ലാറ്റ്ഫോമിന് താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. തീരുമാനത്തെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ചൊവ്വാഴ്ച സ്വാഗതം ചെയ്തു.
പരീക്ഷാര്‍ത്ഥികളെ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകളും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്ന് എന്‍ടിഎ വ്യക്തമാക്കി. പരീക്ഷാ കാലയളവും അതിന് തൊട്ടുപിന്നാലെയുള്ള ദിവസങ്ങളും ഉള്‍പ്പെടുന്ന ജൂണ്‍ 22 വരെ ഇന്ത്യയില്‍ ടെലിഗ്രാം ഉപയോഗിക്കുന്നതിന് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം നിര്‍ദ്ദേശിച്ചതായി എന്‍ടിഎ പ്രസ്താവനയില്‍ പറഞ്ഞു.
കൂടാതെ, ജൂണ്‍ 30 വരെ മെസ്സേജുകള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചര്‍ പ്രവര്‍ത്തനരഹിതമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരീക്ഷാ പേപ്പറുകള്‍ ചോര്‍ന്നുവെന്ന വ്യാജ അവകാശവാദങ്ങളിലൂടെ നീറ്റ് പരീക്ഷാര്‍ത്ഥികളെ വഞ്ചിക്കാന്‍ ശ്രമിച്ച തട്ടിപ്പ് സംഘങ്ങള്‍ ടെലിഗ്രാം വ്യാപകമായി ഉപയോഗിച്ച പശ്ചാത്തലത്തിലാണ് ഈ നടപടികളെന്ന് എന്‍ടിഎ അറിയിച്ചു.
പുനഃപരീക്ഷയുടെ ചോദ്യപേപ്പര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി ടെലിഗ്രാം ചാനലുകള്‍ പണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഇവ തികച്ചും വ്യാജമാണെന്നും ഏജന്‍സി വ്യക്തമാക്കി. പഴയ മെസ്സേജുകള്‍ എഡിറ്റ് ചെയ്ത് മാറ്റുമ്പോള്‍ അവയുടെ യഥാര്‍ത്ഥ ടൈംസ്റ്റാമ്പ് (അയച്ച സമയം) നിലനിര്‍ത്താന്‍ സാധിക്കുന്നത് വഴി വ്യാജ 'പേപ്പര്‍ ചോര്‍ച്ച' തെളിവുകള്‍ നിര്‍മ്മിക്കുന്നത് തടയാനാണ് മെസ്സേജ്-എഡിറ്റിംഗ് ഫീച്ചറിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് എന്‍ടിഎ വിശദീകരിച്ചു.
ഈ നിയന്ത്രണങ്ങള്‍ യഥാര്‍ത്ഥ ടെലിഗ്രാം ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഏജന്‍സി സമ്മതിച്ചെങ്കിലും, പരീക്ഷയുടെ സുതാര്യതയും വിശ്വാസ്യതയും സംരക്ഷിക്കുന്നതിന് നിശ്ചിത കാലയളവിലേക്കുള്ള ഈ നടപടികള്‍ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി. നീറ്റ്-യുജി 2026 പുനഃപരീക്ഷ നിശ്ചയിച്ചതുപോലെ ജൂണ്‍ 21-ന് തന്നെ നടക്കുമെന്നും ഔദ്യോഗിക വിവരങ്ങള്‍ക്കായി എന്‍ടിഎയുടെ ഔദ്യോഗിക ചാനലുകളെ മാത്രം ആശ്രയിക്കണമെന്നും ഏജന്‍സി പരീക്ഷാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.






