
ദോഹ: ഇൻകാസ് ഖത്തർ സ്ഥാപക നേതാവും, ഐ.സി.സി പ്രസിഡൻ്റുമായിരുന്ന കെ.സി വർഗ്ഗീസിൻ്റെ 20-ാം ചരമ വാർഷികത്തോടനുബന്ധിച്ച് ഇൻകാസ് ഖത്തർ കോട്ടയം ജില്ലാ കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഐ.സി.സി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇൻകാസിന്റെ വളർച്ചയ്ക്ക് അടിത്തറയിട്ട മുതിർന്ന നേതാക്കളെ ആദരിച്ചു. ഇൻകാസ് ഖത്തറിന്റെ രൂപീകരണഘട്ടത്തിൽ കെ. സി. വർഗ്ഗീസിനൊപ്പം പ്രവർത്തിച്ച മുതിർന്ന നേതാക്കളായ ജോപ്പച്ചൻ തെക്കെകൂറ്റ്, കെ.കെ.ഉസ്മാൻ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.
ഇൻകാസ് കോട്ടയം ജില്ലാ പ്രസിഡന്റ് അജറ്റ് എബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇൻകാസ് ഖത്തർ പ്രസിഡന്റ് സിദ്ധീഖ് പുറായിൽ മുഖ്യപ്രഭാഷണം നടത്തി.കെ.സി. വർഗീസ് എന്ന ജനകീയ നേതാവ് പ്രവാസി സമൂഹത്തിനും സംഘടനയ്ക്കും നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു.
കെ.സി.വർഗ്ഗീസിൻ്റെ അടുത്ത സഹപ്രവർത്തകനായിരുന്ന സോനു അഗസ്റ്റിൻ, ഇൻകാസ് ഖത്തർ ജനറൽ സെക്രട്ടറി കെ.വി. ബോബൻ, അജയ് ജേക്കബ്ബ്, ബിജോയ് ചാക്കോ, സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ എന്നിവർ കെ.സി.വർഗ്ഗീസിനെ അനുസ്മരിച്ച് സംസാരിച്ചു.കെ.സി. വർഗീസിന്റെ സംഘടനാപാടവവും ജീവകാരുണ്യ മേഖലയിലെ ഇടപെടലുകളും വരുംതലമുറയ്ക്ക് മാതൃകയാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
ഇൻകാസ് ഖത്തർ കോട്ടയം ജില്ലാകമ്മിറ്റി ജനറൽ സെക്രട്ടറി ജോമോൻ ജോസഫ് സ്വാഗതവും ഉപദേശക സമിതി ചെയർമാൻ മുഹമ്മദ് സിയാദ് നന്ദിയും പറഞ്ഞു. പ്രമുഖ പ്രവാസി നേതാക്കളും നിരവധി ഇൻകാസ് പ്രവർത്തകരും പങ്കെടുത്ത ചടങ്ങ്കെ.സി. വർഗീസിന്റെ സമർപ്പിത ജീവിതത്തിന്റെ ഓർമ്മപ്പെടുത്തലായുംസ്ഥാപക നേതാക്കളുടെ സേവനങ്ങളെ നെഞ്ചേറ്റുന്ന സ്മരണീയ വേദിയായും മാറി.
ഷഫീക്ക് അറയ്ക്കൽ





