
ദോഹ: മേഖലയിലെ സംഘർഷത്തിന് വിരാമം കുറിക്കാൻ അമേരിക്കയും ഇറാനും തമ്മിൽ ജനീവയിൽ വെച്ച് നടക്കുന്ന ധാരണാപത്രം ഒപ്പുവെക്കൽ ചടങ്ങിൽ ഖത്തർ പങ്കാളിത്തം ഉറപ്പാക്കും. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിവാര മാധ്യമ സമ്മേളനത്തിൽ മന്ത്രാലയ ഔദ്യോഗിക വക്താവും പ്രധാനമന്ത്രിയുടെ ഉപദേശകനുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരിയാണ് ഇക്കാര്യം പ്രസ്താവിച്ചത്.
മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള ദീർഘകാല നയതന്ത്ര സമീപനത്തിന്റെ ഭാഗമാണ് ഖത്തറിന്റെ ഈ പങ്കാളിത്തമെന്ന് വക്താവ് ചൂണ്ടിക്കാട്ടി. മേഖലയിലെ സുരക്ഷയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളെ ഖത്തർ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. ഇരുപക്ഷത്തെയും സമവായത്തിലെത്തിക്കുന്നതിൽ നയതന്ത്രപരമായ പങ്ക് വഹിക്കാൻ കഴിഞ്ഞഖത്തർ വെടിനിർത്തൽ കൂടുതൽ ശക്തമാക്കുന്നതിനും ബഹുപക്ഷ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള പിന്തുണ ഖത്തർ തുടരുമെന്ന് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരിപറഞ്ഞു.ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗത സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതിനും വെടിനിർത്തൽ വ്യവസ്ഥകൾക്ക് ഏകീകൃത രൂപം നൽകുന്നതിനുംഗൾഫ് രാജ്യങ്ങളുടെ സുരക്ഷാ ആശങ്കകളെ മുൻനിർത്തിയാണ് ചർച്ചകൾ പുരോഗമിച്ചതെന്നും ആഗോള ഊർജ്ജ വിതരണം, സമുദ്ര സുരക്ഷ, ഭക്ഷ്യ സുരക്ഷ എന്നിവയെ ബാധിക്കുന്ന അന്താരാഷ്ട്ര വിഷയങ്ങളിൽ പരിഹാരം കാണാൻ ഈ നയതന്ത്ര മുന്നേറ്റത്തിലൂടെ സാധിക്കുമെന്നും വക്താവ് പ്രത്യാശ പ്രകടിപ്പിച്ചു.
രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെ സുരക്ഷിതത്വവും സംരക്ഷിക്കുന്നതിനാണ് എല്ലാ നയതന്ത്ര നീക്കങ്ങളിലും ഖത്തർ പ്രഥമ പരിഗണന നൽകുന്നത്.ലെബനന്റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും ഖത്തറിന് വിട്ടുവീഴ്ചയില്ലാത്ത 'ചുവപ്പ് രേഖ' ആണെന്ന് വക്താവ് ആവർത്തിച്ചു. ലബനീസ് ഭൂപ്രദേശങ്ങൾ ലക്ഷ്യമിട്ട് നടക്കുന്ന തുടർച്ചയായ സൈനിക നീക്കങ്ങളെ ഖത്തർ ശക്തമായി അപലപിച്ചു.ഗാസ സ്ട്രിപ്പിൽ ശാശ്വതമായ വെടിനിർത്തൽ നടപ്പാക്കുന്നതിനും മാനുഷിക പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനുമായി ഈജിപ്തിൽ തുടരുന്ന പ്രാദേശിക-അന്തർദേശീയ ചർച്ചകളിൽ ഖത്തർ സജീവമായി പങ്കാളിയാകുന്നുണ്ടെന്നും ഡോ. മാജിദ് ബിൻ മുഹമ്മദ്അൽഅൻസാരിവക്താവ് കൂട്ടിച്ചേർത്തു.
ഷഫീക്ക് അറയ്ക്കൽ





