
മലയാളത്തിന്റെ വിസ്മയം മോഹൻലാലിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് ബിഗ് ബോസ് ജേതാവും സംവിധായകനുമായ അഖിൽ മാരാർ. എത്ര കണ്ടാലും മതിവരാത്ത ആ മഹാത്ഭുതത്തെ വീണ്ടും കാണാൻ കഴിഞ്ഞതും അടുത്തിടപഴകാൻ സാധിച്ചതും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് അഖിൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.
"എത്ര കണ്ടാലും മടുക്കാത്ത ഒരു മനുഷ്യനെ വീണ്ടും വീണ്ടും കാണാൻ കഴിയുന്നതിലും, അടുത്ത് ഇടപഴകാൻ കഴിയുന്നതിലും വലിയ ഭാഗ്യം എന്താണ്... ഒരിക്കൽ കൂടി മലയാളത്തിന്റെ മഹാത്ഭുതത്തിനൊപ്പം!"അഖിൽ മാരാരുടെ വാക്കുകള്‍.
ലാലേട്ടനോടുള്ള തന്റെ ആരാധനയും ആദരവും അഖിൽ കുറിച്ച വാക്കുകളിൽ നിന്ന് വ്യക്തമാണ്. നിമിഷനേരം കൊണ്ടാണ് ഈ ചിത്രവും കുറിപ്പും സോഷ്യൽ മീഡിയ ഏറ്റെടുത്തത്.
'ഒരു താത്വിക അവലോകനം' എന്ന ചിത്രത്തിലൂടെ സംവിധായകനായി മലയാള സിനിമയിലേക്ക് ചുവടുവെച്ച ആളാണ് അഖിൽ മാരാർ. എന്നാൽ അഖിലിന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായത് ബിഗ് ബോസ് മലയാളം സീസൺ 5 ആയിരുന്നു.തുടക്കത്തിൽ ചില നെഗറ്റീവ് ഇമേജുകളോടെയാണ് ഷോയിലേക്ക് എത്തിയതെങ്കിലും, തന്റെ തനതായ ശൈലി കൊണ്ടും നിലപാടുകൾ കൊണ്ടും പ്രേക്ഷകഹൃദയം കീഴടക്കി അഖിൽ ആ സീസണിലെ വിജയകിരീടം ചൂടി. വലിയൊരു ആരാധകവൃന്ദത്തെയാണ് ഷോയിലൂടെ താരം നേടിയെടുത്തത്.
ബിഗ് ബോസിന് ശേഷം 'മുള്ളൻ കൊല്ലി' എന്ന ചിത്രത്തിലൂടെ താരം നായകനായും വെള്ളിത്തിരയിൽ തിളങ്ങി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിൽ നിന്നും ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായും അഖിൽ മാരാർ ജനവിധി തേടിയിരുന്നു.






