Authored by Web Desk | Last updated: 17 Jun 2026, 9:36 AM | 3 min read
അമ്മ മധു ചോപ്രയുടെ ജന്മദിനത്തിൽ സ്നേഹം നിറഞ്ഞ ആശംസകളുമായി നടി പ്രിയങ്ക ചോപ്ര. "രജ്ഞിക്ക് ജന്മദിനാശംസകൾ.. എപ്പോഴും ഞങ്ങൾക്ക് വഴികാട്ടിയായിരിക്കുന്നതിന് നന്ദി" എന്നായിരുന്നു അമ്മയ്ക്കൊപ്പമുള്ള മനോഹരമായ ഒരു ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ട് പ്രിയങ്ക കുറിച്ചത്.
പ്രിയങ്കയുടെ സഹോദരൻ സിദ്ധാർത്ഥ് ചോപ്രയും അമ്മയ്ക്ക് ആശംസകൾ നേർന്ന് ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവെച്ചു. പ്രിയങ്കയുടെയും പോപ്പ് താരം നിക്ക് ജൊനാസിന്റെയും വിവാഹസമയത്തുള്ള ഒരു കുടുംബചിത്രം പങ്കുവെച്ചുകൊണ്ടാണ് സിദ്ധാർത്ഥ് ആശംസകൾ നേർന്നത്.
"അമ്മയ്ക്ക് വളരെ സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു. അമ്മയുടെ പ്രൗഢിയും ചാരുതയും പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്തും ഏറെ പ്രശംസനീയമാണ്. നിങ്ങളെന്ന നക്ഷത്രം എപ്പോഴും തിളങ്ങിനിൽക്കട്ടെ, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു അമ്മ" എന്നാണ് സിദ്ധാർത്ഥ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
തന്റെ കരിയറിലും ജീവിതത്തിലും അമ്മ മധു ചോപ്രയും അന്തരിച്ച പിതാവ് അശോക് ചോപ്രയും നൽകിയ പിന്തുണയെ കുറിച്ച് പ്രിയങ്ക പലപ്പോഴും അഭിമുഖങ്ങളിൽ വാചാലയായിട്ടുണ്ട്.
അതേസമയം തെലുങ്ക് ചിത്രം വാരാണസിയിലൂടെ പ്രിയങ്ക ഇന്ത്യയിലേക്കും തിരികെയെത്തുകയാണ്. മഹേഷ് ബാബു നായകനായ സിനിമയുടെ സംവിധാനം എസ്എസ് രാജമൗലിയാണ്. ഏപ്രില്‍ ഏഴിനാണ് ചിത്രത്തിന്റെ റിലീസ്.