
നടന്‍ വിശാലിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് സംവിധായകന്‍ ബാല ഒരുക്കിയ ‘അവന്‍ ഇവന്‍’. ചിത്രം റിലീസ് ചെയ്ത് വർഷങ്ങൾ പിന്നിടുമ്പോഴും, അതിലെ 'വാൾട്ടർ വണങ്കാമുടി' എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസ്സുകളിൽ ഇന്നും ജീവസ്സുറ്റതായി നിലനിൽക്കുന്നു. ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവെക്കുന്നതോടൊപ്പം, ഇനി ഒരിക്കലും അത്തരമൊരു കഥാപാത്രം ചെയ്യാൻ താൻ തയ്യാറാകില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ.
ചിത്രത്തിലെ സഹനടനും അടുത്ത സുഹൃത്തുമായ ആര്യയ്ക്കൊപ്പമുള്ള വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടായിരുന്നു വിശാലിന്റെ കുറിപ്പ്. "15 വർഷത്തെ ചലഞ്ച്. എന്തൊരു അനുഭവമായിരുന്നു അത്. 230 ദിവസത്തെ ചിത്രീകരണം! എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനും ഇനി ഒരിക്കലും ശ്രമിക്കാനും സാധിക്കാത്ത ഒരു കഥാപാത്രം. പ്രത്യേകിച്ച് ആ കോങ്കണ്ണ്... ദൈവമേ!" - വിശാൽ കുറിച്ചു.
ഈ പ്രത്യേക വേളയിൽ ആര്യയെയും കുടുംബത്തെയും നേരിട്ട് കണ്ട് ഉച്ചഭക്ഷണം കഴിച്ച സന്തോഷവും വിശാൽ ആരാധകരുമായി പങ്കുവെച്ചു. "കുറെ കാലത്തിന് ശേഷം ജാമിയെയും (ആര്യ) സയേഷയെയും കുടുംബത്തെയും ഉച്ചഭക്ഷണത്തിന് കണ്ടുമുട്ടി. ഭാഗ്യവശാൽ എന്റെ ഷൂട്ടിംഗ് സ്പോട്ടിന് അടുത്തായിരുന്നു അത്" - വിശാൽ കൂട്ടിച്ചേർത്തു.
'അവൻ ഇവൻ' എന്ന സിനിമയിലെ വിശാലിന്റെ കോങ്കണ്ണുള്ള കഥാപാത്രം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ആ ലുക്ക് കൊണ്ടുവരുന്നതിനായി പ്രത്യേക ബ്രേസുകൾ ധരിക്കേണ്ടി വന്നത് അതീവ വേദനാജനകവും കഠിനവുമായിരുന്നുവെന്ന് താരം മുൻപും വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, 'മകുടം' ആണ് വിശാൽ നായകനായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. വിശാല്‍ സംവിധായക്കുപ്പായം അണിയുന്ന ആദ്യത്തെ ചിത്രം കൂടിയാണിത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ പറുത്തുവന്നിരുന്നു. ദുഷാര വിജയനാണ് ചിത്രത്തില്‍ വിശാലിന്റെ ജോഡി.






