
തിരുവനന്തപുരം: ' മോളിവുഡ് ടൈംസ്' ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവിനുമെതിരെ കേസ്. സിബിഎഫ്‌സി നിയമങ്ങള്‍ ലംഘിച്ചെന്ന് കാട്ടി സിബിഎഫ്‌സി റീജിയണല്‍ ഓഫീസറുടെ പരാതിയിലാണ് കേസ്. സിനിമാറ്റോഗ്രാഫ് നിയമപ്രകാരം തിരുവല്ലം പോലീസാണ് കേസെടുത്തത്.
സെന്‍സറിംഗ് ചെയ്ത ഭാഗം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചെന്നാണ് പരാതി. സിനിമയില്‍ സെന്‍സര്‍ ചെയ്ത അശ്ലീല സംഭാഷണങ്ങള്‍ തിയേറ്ററില്‍ അതേപടി കേള്‍പ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.
കേന്ദ്രസര്‍ക്കാരിന്റെ കീഴിലുളള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്റ്ററിയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ അനുമതി പത്രം വാങ്ങിയശേഷം നിയമങ്ങള്‍ക്ക് വിരുദ്ധമായി ' മോളിവുഡ് ടൈംസ്' എന്ന സിനിമയില്‍ ഭേദഗതി വരുത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു.
നസ്ലിനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത മോളിവുഡ് ടൈംസ് ജൂണ്‍ അഞ്ചിനാണ് തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.






