
മലയാള സിനിമയുടെ പ്രിയ എഴുത്തുകാരനും സംവിധായകനുമായ സച്ചിയുടെ ഓര്‍മ്മദിനത്തില്‍ അദ്ദേഹത്തിനൊപ്പമുളള ചിത്രം പങ്കുവച്ച് സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് നടനും നിര്‍മാതാവുമായ എന്‍.എം.ബാദുഷ.
' വിട്ട് പോയി എന്ന് ഇപ്പഴും വിശ്വസിക്കാന്‍ പറ്റുന്നില്ല. പ്രിയ സച്ചിയേട്ടന് പ്രണാമം ഓര്‍മ്മപ്പൂക്കള്‍' എന്നാണ് ബാദുഷ കുറിച്ചത്. 2020 ജൂണ്‍ 18നായിരുന്നു സച്ചിയുടെ വിയോഗം. ഹൃദയാഘാതമായിരുന്നു.
2007ല്‍ സേതുവിനൊപ്പം ചേര്‍ന്ന് തിരക്കഥാകൃത്തായിട്ടായിരുന്നു മലയാള സിനിമയിലേക്കുളള സച്ചിയുടെ വരവ്. ചോക്ലേറ്റ്, റോബിന്‍ ഹുഡ്, മേക്കപ്പ് മാന്‍, സീനിയേഴ്‌സ് തുടങ്ങി നിരവധി സിനിമകളാണ് സച്ചി- സേതു കൂട്ടുകെട്ടില്‍ മലയാളത്തിലെത്തിയത്.
മോഹന്‍ലാല്‍ നായകനായെത്തിയ റണ്‍ ബേബി റണ്‍ എന്ന സിനിമയിലൂടെ അദ്ദേഹം സ്വതന്ത്ര തിരക്കഥാകൃത്തായി. സച്ചി സംവിധാനം ചെയ്ത അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങള്‍ വലിയ വിജയമായിരുന്നു. ബിജു മേനോന്‍ നായകനായ ചേട്ടായീസ് എന്ന സിനിമയിലൂടെ അദ്ദേഹം നിര്‍മാതാവിന്റെ റോളിലും തിളങ്ങി.






