
സോഷ്യല്‍ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ് രേണു സുധി. അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. സുധിയുടെ മരണശേഷം സാമൂഹികമാധ്യമങ്ങളിലും ആല്‍ബങ്ങളിലുമൊക്കെ രേണു സജീവമായി തുടങ്ങി. ഇതിന്റെ പേരില്‍ പലതരത്തിലുളള വിമര്‍ശനങ്ങളും രേണുവിന് നേരിടേണ്ടിവന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് തനിക്ക് കാന്‍സര്‍ ആണെന്ന് രേണു വെളിപ്പെടുത്തിയത്. രോഗം മൂന്നാം സ്‌റ്റേജിലാണെന്നും ഹൃദയത്തിലെ മസിലുകളിലേക്കും ശ്വാസകോശത്തിലേക്കും കാന്‍സര്‍ വ്യാപിച്ചതായും അവസ്ഥ അല്പം മോശമാണെന്നും രേണു വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ തന്റെ രോഗാവസ്ഥയെ മുന്‍നിര്‍ത്തി സോഷ്യല്‍ മീഡിയയിലും മറ്റും നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കും സാമ്പത്തിക പിരിവുകള്‍ക്കുമെതിരെ രൂക്ഷ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രേണു. തന്റെ അറിവോ സമ്മതത്തോടു കൂടിയോ അല്ല ഇത്തരം പിരിവുകള്‍ നടക്കുന്നതെന്നും, ദയവുചെയ്ത് തന്റെ പേരില്‍ ആരും പണം പിരിക്കരുതെന്നും രേണു സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി.
കാന്‍സര്‍ രോഗബാധയെത്തുടര്‍ന്ന് നിലവില്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങളിലൂടെയും കഠിനമായ ചികിത്സയിലൂടെയുമാണ് താന്‍ കടന്നു പോകുന്നതെന്ന് രേണു വെളിപ്പെടുത്തിയത്. രോഗം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്ന സാഹചര്യത്തില്‍ തുടര്‍ച്ചയായ ചികിത്സയ്ക്കായി വലിയ തുക ആവശ്യമുണ്ട്. എന്നാല്‍ ഇതിനായി ആരെയും പിരിവിനായി ചുമതലപ്പെടുത്തിയിട്ടില്ല. സഹായിക്കാന്‍ താത്പര്യമുളളവര്‍ തന്റെ ഔദ്യോഗിക പേജില്‍ നല്‍കിയിട്ടുളള നമ്പറിലൂടെ മാനേജര്‍ കരിഷ്മയെ നേരിട്ട് ബന്ധപ്പെടണമെന്നും രേണു അറിയിച്ചു.
"എന്റെ പേരില്‍ എവിടെയും പിരിവ് നടത്തുന്നത് കണ്ടാല്‍ അത് ഞാന്‍ അറിഞ്ഞുകൊണ്ടല്ല. രോഗബാധ മാറില്‍ മാത്രമല്ല, കഴല, കക്ഷം, ഹൃദയത്തിലെ മസില്‍ തുടങ്ങിയ ഭാഗങ്ങളിലും വ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ ജോലി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ്. ചികിത്സാച്ചെലവുകള്‍ കണ്ടെത്താനാണ് ഞാന്‍ യൂട്യൂബ് ചാനലുമായി മുന്നോട്ട് പോകുന്നത്. പ്രേക്ഷകര്‍ എന്റെ ചാനല്‍ കണ്ട് സപ്പോര്‍ട്ട് ചെയ്യുകയാണ് വേണ്ടത്," രേണു പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ ആദരാഞ്ജലി പോസ്റ്റുകള്‍ക്കെതിരെയും രേണു ശക്തമായി പ്രതികരിച്ചു. തനിക്ക് പ്രായപൂര്‍ത്തിയാകാത്ത ഒരു കുഞ്ഞുമകനുണ്ടെന്നും, തന്നെ സ്‌നേഹിക്കുന്ന ഒട്ടനവധി ആളുകളുണ്ടെന്നും ഓര്‍മ്മിപ്പിച്ച രേണു, ഇത്തരം വ്യാജ വാര്‍ത്തകള്‍ അവരെ കടുത്ത മാനസിക വിഷമത്തിലാക്കുന്നുണ്ടെന്നും പറഞ്ഞു.
തനിക്ക് പഴയതുപോലെ ഓടിനടക്കാന്‍ ആഗ്രഹമുണ്ടെന്നും, അതിനായി എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയുമാണ് താന്‍ ഈ ഘട്ടത്തില്‍ പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞാണ് രേണു വീഡിയോ അവസാനിപ്പിക്കുന്നത്.






