
കോട്ടയം: പകര്‍ച്ചവ്യാധികളില്‍ നട്ടംതിരിയുന്ന സംസ്‌ഥാനത്ത് എബോളാഭീതിയും. ദക്ഷിണ സുഡാനില്‍നിന്നു നാട്ടിലെത്തിയ പാലാ സ്വദേശിനിയെ എബോള വൈറസ് ബാധിച്ചിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
ദക്ഷിണ സുഡാനില്‍ ജോലി ചെയ്‌തിരുന്ന ഇവര്‍ ഉഗാണ്ടയിലേക്കു പോകുകയും അവിടെനിന്നു വിമാനത്തില്‍ കൊച്ചിയിലെത്തുകയുമായിരുന്നു. നാട്ടിലെത്തിയശേഷം പനിയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്നു പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. എന്നാല്‍, യാത്രാ പശ്‌ചാത്തലവും രോഗലക്ഷണങ്ങളും പരിഗണിച്ച് ആരോഗ്യ വകുപ്പ് അധികൃതര്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.
എബോള രോഗം സ്‌ഥിരീകരിച്ചിട്ടില്ല. സംശയം മാത്രമാണുള്ളത്. ആഫ്രിക്കയില്‍ നിന്നു വന്ന വ്യക്‌തി എന്ന നിലയിലാണ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. എബോള രോഗം റിപ്പോര്‍ട്ട് ചെയ്‌ത ആഫ്രിക്കയില്‍ നിന്ന് എത്തുന്നവര്‍ പനിയോ മറ്റു ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന നിര്‍ദേശമുണ്ട്. എബോള രോഗ നിര്‍ണയത്തിനുള്ള സംവിധാനം സംസ്‌ഥാനത്ത് ഇല്ലാത്തതിനാല്‍ ഇവരുടെ സ്രവം പൂനെയിലെ നാഷനല്‍ ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഷിഗെല്ല, നിപ, മലേറിയ, ഡെങ്കി വ്യാപനത്തിനിടെയാണു പുതിയ ആശങ്ക.
മനുഷ്യരില്‍ പലപ്പോഴും മാരകമാകുന്ന രോഗമാണ് എബോള. ഫിലോവിരിഡേ കുടുംബത്തിലെ ഓര്‍ത്തോഎബോളവൈറസ് ജനുസില്‍ പെടുന്ന വൈറസുകളാണ് എബോള രോഗത്തിന് കാരണമാകുന്നത്. ഇതുവരെ ആറിനം ഓര്‍ത്തോഎബോള വൈറസുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയില്‍ മൂന്നെണ്ണം വലിയ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്നുണ്ട്- എബോള വൈറസ്, സുഡാന്‍ വൈറസ്, ബുണ്ടിബുഗ്യോ വൈറസ്. രോഗബാധയുണ്ടായാല്‍ 50% ആണ് മരണനിരക്ക്. നിലവില്‍ എബോള വൈറസിനു മാത്രമേ വാക്‌സിനും ചികിത്സയും ലഭ്യമായിട്ടുള്ളൂ.
പനി, ക്ഷീണം, പേശി വേദന, തലവേദന, തൊണ്ടവേദന, ഛര്‍ദ്ദി, വയറിളക്കം, വയറുവേദന തുടങ്ങിയവയാണു പ്രധാന ലക്ഷണങ്ങള്‍. വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനം തകരാറിലായതിന്റെ ലക്ഷണങ്ങളുമുണ്ടാകാം.
19 പേര്‍ക്കുകൂടി ഷിഗെല്ല
കോഴിക്കോട്: സംസ്‌ഥാനത്ത് വിവിധ ജില്ലകളിലായി ഇന്നലെ 19 പേര്‍ക്ക് പുതിയതായി ഷിഗെല്ല സ്‌ഥിരീകരിച്ചു. കോഴിക്കോട് ഒന്‍പതു പേര്‍ക്ക്. തിരുവനന്തപുരം-രണ്ട്, കൊല്ലം-ഒന്ന്, എറണാകുളം-ഒന്ന്, തൃശൂര്‍-മൂന്ന്, മലപ്പുറം ഒന്ന്, കണ്ണൂര്‍-രണ്ട് എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ കണക്ക്.
തൃശൂര്‍ ജില്ലയില്‍ അരിമ്പൂരിലെ ദമ്പതികളടക്കം മൂന്നുപേര്‍ക്കാണു രോഗം സ്‌ഥിരീകരിച്ചത്. ചികിത്സയിലുള്ള ദമ്പതികളുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഈ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്‌ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് (33), വയനാട് (18), തൃശൂര്‍ (09) ആലപ്പുഴ (03) എന്നീ നാല് ജില്ലകളിലാണ് രോഗവ്യാപനം പ്രഖ്യാപിച്ചിട്ടുള്ളത്.
മലപ്പുറം (14), തിരുവനന്തപുരം (13), കൊല്ലം (08), ഇടുക്കി (3), എറണാകുളം (02), കണ്ണൂര്‍ (07) എന്നിവിടിങ്ങളിലും ഈ മാസം ഷിഗെല്ല കണ്ടെത്തി. ഈ വര്‍ഷം 186 ഷിഗെല്ല രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്‌തത്‌്. ഈ മാസം മാത്രം 110 കേസുകള്‍.






